സൈനിക യൂണിഫോം ദുരുപയോഗം ചെയ്തു, മേജർ രവിക്കെതിരെ നടപടിയെടുക്കണം; പ്രധാനമന്ത്രിക്ക് പരാതി

LATEST UPDATES

6/recent/ticker-posts

സൈനിക യൂണിഫോം ദുരുപയോഗം ചെയ്തു, മേജർ രവിക്കെതിരെ നടപടിയെടുക്കണം; പ്രധാനമന്ത്രിക്ക് പരാതി



തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ മേജര്‍ രവി സൈനിക യൂണിഫോം ഉപയോഗിച്ചതിനെതിരെ പരാതി. ഡിഫന്‍സ് സര്‍വ്വീസ് റെഗുലേഷന്‍ പ്രകാരം സൈന്യത്തില്‍ നിന്നും വിരമിച്ചയാള്‍ സൈനിക യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും മേജര്‍ രവി സൈനിക യൂണിഫോം ദുരുപയോഗം ചെയ്തുവെന്നുമാണ് പരാതി. സൈന്യത്തില്‍ നിന്നും വിരമിച്ച ആര്‍ എ അരുണ്‍ എന്നയാളാണ് പരാതി നല്‍കിയത്.

മേജര്‍ രവിയുടെ നടപടി പൊതുജനത്തിനും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് മാത്രമല്ല, സുരക്ഷാ പ്രശ്‌നവും ഉയർത്തുന്നതാണ്. ഇക്കാര്യത്തില്‍ ഉചിതമായ അന്വേഷണം നടത്തി മേജര്‍ രവിക്കെതിരെ നടപടിയെടുക്കണമെന്നാണ് അരുണ്‍ പരാതിയിലൂടെ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, കേരള മുഖ്യമന്ത്രി, ഡിജിപി, വയനാട് എസ് പി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.


സൈനിക യൂണിഫോം ദുരുപയോഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് മേജര്‍ രവിയുടെ പ്രവര്‍ത്തി. ഇത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തും. ദേശസുരക്ഷയ്ക്ക് ഭീഷണിയാണ്. മേജര്‍ രവിക്കെതിരെ നടപടിയെടുത്ത് ഇന്ത്യന്‍ മിലിട്ടറി യൂണിഫോമിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പരാതിയില്‍ ചൂണ്ടികാട്ടുന്നു.

ദുരന്തമുഖത്ത് സൈന്യം നടത്തുന്ന സേവനത്തില്‍ തനിക്ക് അഭിമാനം ഉണ്ടെന്നും എന്നാല്‍ സൈനിക യൂണിഫോമില്‍ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതുള്‍പ്പെടെ മേജര്‍രവിയുടെ പ്രവര്‍ത്തിയെ ശക്തമായി അപലപിക്കുന്നുവെന്നും അരുണ്‍ പറയുന്നു.


വിശ്വശാന്തി ഫൗണ്ടേഷനുമായി കൈകോര്‍ത്താണ് മോഹന്‍ ലാല്‍, മേജര്‍ രവി അടങ്ങുന്ന സംഘം ഇന്ന് വയനാട് ദുരന്തമുഖത്തെത്തിയത്. അതിനിടെ മേജര്‍ രവി പ്രദേശത്ത് നിന്നും സെല്‍ഫിയെടുത്തതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.

Post a Comment

0 Comments