നെല്ലിക്കുന്നിൽ കാസർകോട് നഗരസഭ ബീച്ച് പാർക്ക് നിര്‍മ്മിക്കും; കേന്ദ്രാനുമതി ലഭിച്ചു: ചെയര്‍മാന്‍ അബ്ബാസ് ബീഗം

നെല്ലിക്കുന്നിൽ കാസർകോട് നഗരസഭ ബീച്ച് പാർക്ക് നിര്‍മ്മിക്കും; കേന്ദ്രാനുമതി ലഭിച്ചു: ചെയര്‍മാന്‍ അബ്ബാസ് ബീഗം



കാസർകോട്: കൂടുതല്‍ ടൂറിസ്റ്റുകളെ കാസര്‍കോട് നഗരത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കാസർകോട് നെല്ലിക്കുന്ന് ബീച്ചിൽ കാസർകോട് നഗരസഭ ബീച്ച് പാർക്ക് നിര്‍മ്മിക്കുമെന്ന് ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് എതിർവശമാണ്  ബീച്ച് പാർക്ക് നിര്‍മ്മിക്കുന്നത്. ഒരു കോടി 75.5 ലക്ഷം രൂപ ബീച്ച് പാര്‍ക്ക് പദ്ധതിക്കായി അനുവദിച്ചു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെയും കാസര്‍കോട് നഗരസഭയുടെയും സംയുക്ത പദ്ധതിയാണ് ബീച്ച് പാര്‍ക്ക്. പാര്‍ക്ക് നിര്‍മ്മാണത്തിനുള്ള കേന്ദ്രാനുമതി ലഭിച്ചു കഴിഞ്ഞു. പാര്‍ക്കില്‍ കഫെ, പ്ലേ ഏരിയ, പാത്ത് വേ, പാര്‍ക്കിംഗ് ഏരിയ, ടോയ്ലറ്റ് ബ്ലോക്ക്, സെല്‍ഫി പോയിന്റ്, സോളാര്‍ ലൈറ്റുകള്‍, പ്രത്യേക ഷേഡഡ് ഇരിപ്പിടങ്ങള്‍ തുടങ്ങിയവ ഒരുക്കും.


4.5 കിലോമീറ്ററോളം വളവുകളില്ലാത്ത നെല്ലിക്കുന്ന് കടൽതീരം  പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ കൊണ്ടു വരുമെന്നും ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി വിവിധ ബീച്ച് ഗെയിംസുകള്‍, ഫുഡ് ഫെസ്റ്റിവല്‍, കലാപരിപാടികള്‍ തുടങ്ങിയവ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, സെക്രട്ടറി ജസ്റ്റിന്‍ പി.എ, മുനിസിപ്പല്‍ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി തുടങ്ങിയവരുടെ സംഘം പദ്ധതി സ്ഥലം സന്ദര്‍ശിച്ചു.

Post a Comment

0 Comments