തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'മോൻത' ചുഴലിക്കാറ്റ് നാളെ കരയിൽ തൊടും. 28ന് വൈകുന്നേരത്തോടെ ആന്ധ്രാ പ്രദേശിലെ മാച്ചിലിപട്ടണത്തിനും കാക്കിനാടക്കും ഇടയിൽ തീരം തൊടുമെന്ന് ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഈ ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുയുണ്ടെന്നും അധികൃതർ അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദ്ദം 'മോൻത' ചുഴലികാറ്റായി ശക്തി പ്രാപിച്ചതോടെ ഒഡിഷ, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ വ്യാപക മഴക്ക് സാധ്യതയുണ്ട്. മഴക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ ഒഡീഷയിലെ എട്ട് ജില്ലകളെ 'റെഡ് സോൺ' ആയി പ്രഖ്യാപിച്ചു.
അതിനിടെ, സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കാസർകോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മറ്റന്നാൾ മുതൽ മഴക്ക് ശമനമുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

0 Comments