ശനിയാഴ്‌ച, ജനുവരി 31, 2026

 


കുണിയ: സമസ്ത ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് നൂറ്റാണ്ടിന്റെ അത്ഭുതക്കാഴ്ചകളൊരുക്കിയ ഗ്ലോബല്‍ എക്‌സ്‌പോയ്ക്ക് കുണിയയില്‍ തുടക്കമായി. കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ബി.കെ. അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി ബംബ്രാണ അധ്യക്ഷനായി. ഹാരിം ദാരിമി ദേലംപാടി സ്വാഗതം പറഞ്ഞു. ഡോ. ശാഫി ഹുദവി മലപ്പുറം മുഖ്യപ്രഭാഷണം നടത്തി. ഡോ. ഷഫീഖ് റഹ്മാനി വഴിപ്പാറ എക്‌സ്‌പോ തീം പരിചയപ്പെടുത്തി. കെ മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
നൂറ്റാണ്ടിന്റെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന പത്ത് പവിലിയനുകളാണ് എക്‌സ്‌പോ നഗരിയിലെ അഞ്ചേക്കറില്‍ തയ്യാറാക്കിയിട്ടുള്ളത്. ഇന്നും നാളെയും സ്ത്രീകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഫെബ്രുവരി 2 മുതല്‍ 8 വരെ പുരുഷന്മാര്‍ക്കായിരിക്കും പ്രവേശനം. കേരളീയ സദ്ദേശീയ പാരമ്പര്യ പൈതൃകങ്ങളുടെ തനിമ ചോരാത്ത അവതരണം, ഓത്തു പള്ളികളും ദര്‍സുകളും മദ്‌റസകളുമുള്‍പ്പെടെയുള്ള സമ്പന്നമായ വിദ്യാഭ്യാസ സംവിധാനങ്ങളുടെ പരിചയം, ആത്മീയതയുടെയും അനുഷ്ടനാങ്ങളുടെയും അകവും പുറവും പകരുന്ന അറിവുകളുടെ ഉള്‍ക്കാഴ്ചകള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിനുണ്ട്. ഇസ്‌ലാമിക കര്‍മശാസ്ത്ര ചരിത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ വിശദീകരിക്കുന്ന എ.ഐ ഉസ്താദ്, കലിഗ്രാഫി അടക്കമുള്ള കലകളുടെ വിസ്മയ ലോകം, കുട്ടികള്‍ക്ക് അറിവും കൗതുകവും കൈമാറുന്ന കാഴ്ചകള്‍ തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍.
പ്രദര്‍ശനത്തോടൊപ്പം തന്നെ ഖാസി മുഹമ്മദ് സ്‌ക്വയറില്‍ ദിവസവും വൈകുന്നേരം നാല് മണി മുതല്‍ അന്താരാഷ്ട്ര തലത്തിലുള്ള പാനല്‍ ഡിസ്‌കഷനുകളും ബുര്‍ദ മജ്ലിസ്, ദഫ്മുട്ട്, ഗസല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികളും നടക്കും. വിവിധങ്ങളായ സംവാദങ്ങളും പാനല്‍ ഡിസ്‌കഷനും വിവിധ സെഷനുകളിലായി നടക്കും. ബുര്‍ദ മജ്‌ലിസ്, ദഫ്മുട്ട്, ദ്വീപ് റാത്തീബ്, അറബന മുട്ട്, ഇലല്‍ ഹബീബ്, ലഹ്നുല്‍ യമീന്‍, അലിഫ് ലാം മീം, ഇന്റര്‍നാഷണല്‍ സൂഫി ഗീത്, മജ്‌ലിസുന്നൂര്‍, ഫനാഫില്ലാഹ്, മദ്ഹ് മാര്‍ഷപ്പ്, ഖിസ്സപ്പാട്ട്, ഇശല്‍, അത്മഗീത്, മദ്ഹ് മാര്‍ഷപ്പ്, ത്വയ്ബ തുടങ്ങിയ പരിപാടികളും നടക്കും. ഫെബ്രുവരി നാല് മുതല്‍ എട്ട് വരെയാണ് സമസ്ത ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം നടക്കുക.
ചടങ്ങില്‍ സാബിഖലി ശിഹാബ് തങ്ങള്‍, അബ്ദുസ്സലാം ദാരിമി ആലംപാടി, അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, ഉസ്്മാന്‍ ഫൈസി തോടാര്‍, സി.കെ.കെ മാണിയൂര്‍, സയ്യിദ് മഹ്മൂദ് സഫ് വാന്‍ തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍, സയ്യിദ് യാസിര്‍ ഹുസൈന്‍ ജമല്ലുല്ലൈലി, സയ്യിദ് ശുഹൈബ് തങ്ങള്‍, കുണിയ ഇബ്രാഹിം ഹാജി, റശീദ് ഫൈസി വെള്ളായിക്കോട്, എം.എ ചേളാരി, എസ്.വി മുഹമ്മദലി, ചെങ്കള അബ്ദുല്ല ഫൈസി, മജീദ് ബാഖവി, അബ്ദുല്‍ ഖാദര്‍ നദ് വി, മജീദ് ദാരിമി പയ്യക്കി, താജൂദ്ദീന്‍ ദാരിമി പടന്ന, കല്ലട്ര മാഹിന്‍ ഹാജി, അബ്ദുല്‍ ഹകീം ഫൈസി, ഇര്‍ശാദ് ഹുദവി ബെദിര, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, റഷീദ് ബെളിഞ്ചം, ഖത്തര്‍ അബ്ദുല്ല ഹാജി, അബൂബക്കര്‍ സാലൂദ് നിസാമി, ഹംസ ഹാജി പള്ളിപ്പുഴ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ടി.കെ യൂസുഫ് ഹാജി, ടി.കെ നിസാര്‍, എം.എ.എച്ച് മഹ്മൂദ് ചെങ്കള,അഡ്വ. ബാബുരാജ്, ബി.എ ശാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഡ്രോണിലൂടെ ടിക്കറ്റ് സ്വീകരിച്ച് ഉദ്ഘാടനം

കുണിയ: വൈവിധ്യങ്ങള്‍ നിറഞ്ഞ സമസ്ത ഗ്ലോബല്‍ എക്‌സ്‌പോയുടെ ഉദ്ഘാടനവും വ്യത്യസ്ഥമായി. ഉദ്ഘാടകന്റെ മുന്നിലേക്ക് എക്‌സ്‌പോ ടിക്കറ്റുമായി ഡ്രോണ്‍ എത്തിയത് ഉദ്ഘാടകന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെയും നേതാക്കളെയും വിസ്മയിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും ലക്ഷക്കണക്കിന് ജനങ്ങള്‍ അതില്‍ സംബന്ധിക്കുന്നതിന് വേണ്ടി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം.പി പറഞ്ഞു. സമസ്ത ഒരു നൂറ്റാണ്ടിനിടെ കൈവെച്ച എല്ലാ മേഖലകളിലും ഏറെ മുന്നേറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ