തിങ്കളാഴ്‌ച, മാർച്ച് 02, 2026


നീലേശ്വരം: സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.കെ മാണിയൂര്‍ (സി.കെ കമാലുദ്ദീന്‍-75) അന്തിച്ചു. കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ണൂര്‍ ജില്ലയിലെ മണിയൂരില്‍ ജനിച്ച അദ്ദേഹം വര്‍ഷങ്ങളായി നീലേശ്വരം തൈക്കടപ്പുറത്താണ് താമസം. നിലവില്‍ മാണിയൂര്‍ പാറാല്‍ ശംസുല്‍ ഉലമ മെമ്മോറിയല്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളേജ് പ്രസിഡന്റും മാണിയൂര്‍ പാറാല്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമാണ്.  സുന്നിയുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്നു. ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരുടെ ഒന്നര പതിറ്റാണ്ടുകാലത്തെ സഹവര്‍ത്തിത്വവും സേവനവും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ജീവിതത്തിന് ആത്മീയ ദിശാബോധം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ മാണിയൂര്‍ പാറാല്‍ പള്ളിയുടെയും മഹല്ല് സംവിധാനങ്ങളുടെയും വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ ദീര്‍ഘകാലമായി സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ച സംഘാടകനാണ് സി.കെ.കെ മാണിയൂര്‍. പാറാല്‍ മഹല്ലിലെ ആഭ്യന്തര സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കൂളാട്ട് മാമു മുസ്ലിയാരാണ് പിതാവ്. പാളത്തുങ്കര റമളാന്‍ ശൈഖ് തങ്ങള്‍ കുടുംബത്തിലെ സി.കെ സൈതബയാണ് മാതാവ്.  സുന്നി മഹല്ല് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി, കാസര്‍കോട് ജില്ലാ സുന്നി മഹല്ല് ഫെഡറേഷന്‍ പ്രഥമ കമ്മിറ്റിയുടെ കണ്‍വീനര്‍, എസ്.വൈ.എസ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പയ്യന്നൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മഹല്ലിമീന്‍ പ്രഥമ ജനറല്‍ സെക്രട്ടറി, കുഞ്ഞിമംഗലം  തഹ്ദീബുല്‍ ഉലും ഹയര്‍സെക്കന്‍ഡറി മദ്രസ പ്രധാനഅധ്യാപകന്‍, കാസര്‍കോട് ശ്രീബാഗില്‍ മുഹ് യുദീന്‍ ജുമാമസ്ജിദ് ഖത്തീബ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം കുട്ട്യാട്ടൂര്‍ പഞ്ചായത്ത് ബോര്‍ഡ് മെമ്പറായിരുന്നു. യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന പ്രവര്‍ത്തക സമിതിയംഗമായും നീലേശ്വരം മണ്ഡല മുസ്ലിം ലീഗ് പ്രസിഡന്റായും കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗമായും പ്രവര്‍ത്തിച്ചു. 'ചന്ദ്രിക' പത്രത്തിന്റെ നീലേശ്വരം ലേഖകനായും നീലേശ്വരം പ്രസ്സ് ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നീലേശ്വരം മര്‍കസുദ്ദവത്തില്‍ ഇസ്‌ലാമിയ്യയുടെ സ്ഥാപക നേതാവുമാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ