തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബിജെപിയുടെ സീല്‍ ഉണ്ടെന്ന ആരോപണവുമായി സിപിഎം. രണ്ടു ദിവസം മുന്‍പ് ലഭിച്ച കത്തില്‍ ബിജെപി സീല്‍ ഉണ്ടെന്നാണ് സിപിഎം ആരോപിക്കുന്നത്. 2019 മാര്‍ച്ച്് 19ന് കമ്മിഷന്‍ തയാറാക്കിയ കത്താണ് രണ്ടു ദിവസം മുന്‍പ് മെയിലില്‍ പാര്‍ട്ടികള്‍ക്കു ലഭിച്ചത്. ക്രിമിനല്‍ കേസുകള്‍ ഉള്ളവര്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ കാര്യങ്ങള്‍ ഉള്‍പ്പെടെ ഉള്‍പ്പെടുത്തി അയച്ച മെയിലിലാണ് ബിജെപിയുടെ സീല്‍ ഉള്ള കത്ത് ലഭിച്ചതെന്നാണ് സിപിഎം ആരോപണം. ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും നിയന്ത്രിക്കുന്നത് ഒരേ അധികാരകേന്ദ്രമാണെന്നത് രഹസ്യമല്ലെന്നും എന്നാല്‍ രണ്ടു രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള മര്യാദയെങ്കിലും കാട്ടണമെന്ന് സിപിഎം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ഏതു ബട്ടണ്‍ അമര്‍ത്തിയാലും താമര തെളിയും എന്നതു പോലെ മറ്റൊരു ആകസ്മികതയാണിതെന്നും പാര്‍ട്ടി പരിഹസിക്കുന്നു. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനും ഒരേ സീല്‍ ആണ് ഉപയോഗിക്കുന്നത്. മറ്റു ചില പാര്‍ട്ടികള്‍ക്കും ബിജെപി സീല്‍ ഉള്ള കത്തു കിട്ടിയിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് ഉറപ്പിച്ചുവെന്നും സിപിഎം പറയുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ സീല്‍ വന്നത് ക്ലെറിക്കല്‍ പിഴവാണെന്നും പിശക് തിരിച്ചറിഞ്ഞു നേരത്തെ തന്നെ തിരുത്തല്‍ നടത്തിയതാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.ഖേല്‍ക്കര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ കത്തില്‍ ഭാരതീയ ജനത പാര്‍ട്ടി സീല്‍ വന്നത് തികച്ചും ക്ലെറിക്കല്‍ പിഴവാണ്. ബിജെപി കേരള ഘടകം, ക്രിമിനല്‍ ആന്റിസെഡന്റ്‌സ് സംബന്ധിച്ച് 2019 ല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തെ സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ട് സിഇഓ ഓഫിസില്‍ എത്തിയിരുന്നു. വിശദീകരണം ആവശ്യപ്പെട്ട അപേക്ഷയോടൊപ്പം സമര്‍പ്പിച്ച 2019 ലെ കത്തിന്റെ പകര്‍പ്പില്‍ ആണ് പാര്‍ട്ടി സീല്‍ ഉണ്ടായിരുന്നത്. അശ്രദ്ധ മൂലം പാര്‍ട്ടി സമര്‍പ്പിച്ച പഴയ കത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുകയാണ് ഉണ്ടായത്. എന്നാല്‍ ഈ നിര്‍ദേശത്തിനു 2019 നു ശേഷം മാറ്റങ്ങള്‍ വന്നിട്ടുള്ളതും അത് പാര്‍ട്ടികളെ അറിയിച്ചിട്ടുള്ളതുമാണ് .
ഇത്തരത്തില്‍ ഒരു ക്ലെറിക്കല്‍ പിശക് സംഭവിച്ചിട്ടുള്ളത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിന്റെ ശ്രദ്ധയില്‍ വരികയും മാര്‍ച്ച് 21നു തന്നെ ഡെപ്യൂട്ടി ചീഫ് ഇലക്ട്‌റല്‍ ഓഫിസര്‍ ഇത് സംബന്ധിച്ച പിശക് ചൂണ്ടിക്കാട്ടി നിര്‍ദേശം പിന്‍വലിച്ചുകൊണ്ട് അറിയിപ്പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, ജില്ലാ ഇലക്‌ഷന്‍ ഉദ്യോഗസ്ഥര്‍ക്കും റിട്ടേര്‍ണിങ് ഓഫിസര്‍മാര്‍ക്കും നല്‍കിയിട്ടുള്ളതുമാണ്. ക്ലെറിക്കല്‍പിഴവ് ഉയര്‍ത്തിക്കാട്ടിയുള്ള തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പിന്റെ പ്രക്രിയകളില്‍ മറ്റൊരു ശക്തിക്കും ഇടപെടാന്‍ സാധിക്കാതെ പഴുതടച്ചുള്ള പ്രവര്‍ത്തങ്ങള്‍ ആണ് കമ്മിഷന്‍ നടത്തി വരുന്നതെന്നും രത്തന്‍ യു.ഖേല്‍ക്കര്‍ അറിയിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ