ചൊവ്വാഴ്ച, ജൂലൈ 28, 2026


കാസര്‍കോട്: ദേശീയപാതയില്‍ ചെങ്കള ബേവിഞ്ച സിറ്റിസണ്‍ നഗറില്‍ നിയന്ത്രണം വിട്ട സിമന്റ് മിക്സർ ട്രക്ക് മറിഞ്ഞു. വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ലോറിയുടെ ഭാഗങ്ങള്‍ മുറിച്ച് മാറ്റി രക്ഷപ്പെടുത്തി. ഡ്രൈവര്‍ തമിഴ്നാട് വിരുധാന്‍ നഗറിലെ സിദ്ദീഖ് അബൂബക്കറിനെ(45)യാണ് രക്ഷപ്പെടുത്തി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടാണ് ട്രക്ക് മറിഞ്ഞത്. ഉഡുപ്പിയില്‍ നിന്ന് കോഴിക്കോട്ടേക്ക് സിമന്റ് മിശ്രിതം കൊണ്ടുപോകുകയായിരുന്നു ട്രക്ക്. ഡ്രൈവര്‍ മാത്രമേ ലോറിയുണ്ടായിരുന്നുള്ളൂ. ഡ്രൈവറുടെ കൈ കാബിനില്‍ കുടുങ്ങിയതിനാലാണ് ലോറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്. വിദ്യാനഗര്‍ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ബേവിഞ്ചയില്‍ കുന്നിടിയല്‍ ഭീഷണി മൂലം പഴയ ദേശീയപാത പുനര്‍നിര്‍മ്മിച്ച് ഒരുക്കിയ റോഡിലാണ് ട്രക്ക് മറിഞ്ഞത്. വളവോടെയുള്ള ഈ റോഡ് അശാസ്ത്രീയമായാണ് നിര്‍മ്മിച്ചതെന്ന് ആരോപണമുണ്ട്. രണ്ടുഭാഗത്തേക്കും ഒന്നരമാസമായി ഈ റോഡിലൂടെയാണ് വാഹനങ്ങള്‍ ഓടുന്നത്. അപകടത്തെ തുടര്‍ന്ന് ഇന്ന് മുതല്‍ ചട്ടഞ്ചാല്‍ ഭാഗത്തേക്കുള്ള വാഹനഗതാഗതം മാത്രമേ ഈ റോഡില്‍ അനുവദിക്കുന്നുള്ളൂ. കാസര്‍കോട് അഗ്നിശമനസേനയിലെ സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ വി. സുകു, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ അരുണ്‍കുമാര്‍, പി.സി മുഹമ്മദ് സിറാജുദ്ദീന്‍, അതുല്‍ രവി, ഇ. പ്രസീത്, വി.കെ ഷൈജു, വി. രാജു, എന്‍.പി രാഗേഷ്, പി. ശ്രീജിത്ത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ