രാവണേശ്വരം : രാവണേശ്വരം പുരുഷ സ്വയം സഹായ സംഘത്തിന് ഇത് ആഹ്ലാദ നിമിഷം. സംഘത്തിന്റെ കൂട്ടായ്മയിൽ രാവണേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് പിറക് വശത്തുള്ള ഒരേക്കർ സ്ഥലത്ത് വിരിഞ്ഞു നിൽക്കുന്നത് മനോഹരമായ ചെണ്ടുമല്ലി പൂപ്പാടം. കാടുപിടിച്ചു കിടന്നിരുന്ന സ്ഥലം വെട്ടിത്തെളിച്ച് സംഘം പ്രവർത്തകർ ഒരുക്കിയ ചെണ്ടുമല്ലി കൃഷിയിലാണ് നൂറുമേനി വിളവ് ലഭിച്ചിരിക്കുന്നത്. രാവണേശ്വരത്തെ കരിമ്പിൽ കരുണാകരന്റെ കുടുംബമാണ് പുരുഷ സ്വയം സഹായ സംഘം പ്രവർത്തകർക്ക് പൂകൃഷി നടത്താൻ ആവശ്യമായ സ്ഥലം വിട്ടുകൊടുത്തത്. 1700 ഹൈബ്രിഡ് ചെണ്ടുമല്ലി തൈകൾ പൂ കൃഷിക്കാരനായ കരിന്തളം ജോസഫിൽ നിന്നുമാണ് സംഘം പ്രവർത്തകർ ശേഖരിച്ച് പൂകൃഷി ക്ക് തുടക്കമിട്ടത്. രാവണേശ്വരംപുരുഷ സ്വയം സഹായ സംഘം സെക്രട്ടറി എം.സുകേഷ്, പ്രസിഡണ്ട് രവീന്ദ്രൻ കാപ്പിൽ വളപ്പിൽ, അംഗങ്ങളായ കെ. ശശി രാവണേശ്വരം, ടി. അഭിലാഷ്, എൻ. ശ്രീജിത്ത്,വി. നാരായണൻ, കെ. വി. ബാലകൃഷ്ണൻ, വി. ധനകേഷ്, വൈശാഖൻ ചെറുകര, ബി.ഉണ്ണികൃഷ്ണൻ, വി. ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ 11 അംഗങ്ങളാണ് കൃഷിക്ക് നേതൃത്വം നൽകിയത്. പൂ കൃഷിയിൽ നിന്ന് ഏകദേശം 7 കിന്റൽ ഓളം വിളവ് ലഭിക്കുമെന്നാണ് സംഘം പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. വിളവെടുപ്പ് ദിവസം തന്നെ നിരവധി ആവശ്യക്കാർ പൂന്തോട്ടത്തിൽ പൂക്കൾക്കായി എത്തിയത് സംഘം പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. കൂടാതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുര ശുശ്രൂഷ കേന്ദ്രങ്ങൾ, വിവിധ ഗവൺമെന്റ് വകുപ്പ് ഓഫീസുകൾ, പൊതുജനങ്ങൾ എന്നിവരും പൂക്കൾ ക്കായി മുൻകൂട്ടി ആവശ്യമാറിയിച്ചി ട്ടുണ്ടെന്നും സംഘം പ്രവർത്തകർ പറഞ്ഞു.അജാനൂർ കൃഷിഭവനും പൂ കൃഷിക്കായി സംഘം പ്രവർത്തകർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി ഒപ്പം തന്നെ ഉണ്ടായിരുന്നു. രാവണേശ്വരം പുരുഷ സ്വയം സഹായ സംഘത്തിന്റെ പൂ കൃഷിയിൽ നല്ല വിളവാണ് ലഭിച്ചിരിക്കുന്നത് എന്നും ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനമാണെന്നും കൃഷി ഓഫീസർ സി. പ്രമോദ് കുമാർ പറഞ്ഞു. നിരവധി ആളുകൾ പൂ കൃഷി ചെയ്യാനായി മുന്നോട്ടു വരുന്നുണ്ടെങ്കിലും പൂക്കൾ ലഭിക്കുന്നതിന് ആവശ്യമായ കാലയളവും ആവശ്യകതയും മനസ്സിലാക്കാതെ ചെയ്യുന്നതുകൊണ്ട് പലപ്രാപ്തിയിൽ എത്തുന്നില്ലെന്ന് കൃഷി ഓഫീസർ പറഞ്ഞു. പൂക്കൾ വാങ്ങിക്കുന്നതിന് മാത്രമല്ല ഭംഗി ആസ്വദിക്കുന്നതിനും ഫോട്ടോ ഷൂട്ടിനുമായി നിരവധി പേരാണ് രാവണേശ്വരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് പിറകുവശത്തെചെണ്ടുമല്ലി പൂപ്പാടത്ത് എത്തുന്നത്. വിവിധ നിറങ്ങളിലുള്ള പൂക്കൾ നിറഞ്ഞു നിൽക്കുന്നതും ഒപ്പം വർണ്ണ ശലഭങ്ങളുടെ സഞ്ചാരവും പൂപ്പാടത്ത് എത്തുന്ന ഏവർക്കും നയനാനന്ദകരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം നിർവഹിച്ചു. പുരുഷ സ്വയം സഹായ സംഘം പ്രസിഡണ്ട് രവീന്ദ്രൻ കാപ്പിൽ വളപ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. സോയ, ജില്ലാ പഞ്ചായത്ത് അംഗം കെ.സബീ ഷ്, പഞ്ചായത്ത് അംഗങ്ങളായ എ. തമ്പാൻ,ദീപാ പ്രവീൺ,കൃഷി ഓഫീസർ സി. പ്രമോദ് കുമാർ അസിസ്റ്റന്റ് കൃഷി ഓഫീസർ കെ. നാരായണൻ എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി എം. സുകേഷ് സ്വാഗതം പറഞ്ഞു. പൊതു പ്രവർത്തകരും നാട്ടുകാരും, സ്കൂൾ അധികൃതരും അടക്കം നിരവധി പേരാണ് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ഉത്സവത്തിൽ സംബന്ധിക്കാൻ എത്തിച്ചേർന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ