ബുധനാഴ്‌ച, ഓഗസ്റ്റ് 19, 2026

 



കാസർകോട് ജില്ലയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) സ്ഥാപിക്കുന്നതിനായി പെരിയയിലെ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയുടെ (PCK) ഭൂമി ഏറ്റവും അനുയോജ്യമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സംസ്ഥാന സർക്കാരിന് സമഗ്ര റിപ്പോർട്ട് സമർപ്പിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ അപേക്ഷയെത്തുടർന്ന് സർക്കാർ നിർദ്ദേശപ്രകാരം സ്ഥലം നേരിട്ട് സന്ദർശിച്ച് 10 ദിവസത്തിനകമാണ് വിശദമായ പ്രൊപ്പോസൽ തയ്യാറാക്കിയത്.

നിർദ്ദിഷ്ട ഭൂമിയുടെ റീസർവേ ഡിജിറ്റൽ സ്കെച്ച്, ഡ്രോൺ ദൃശ്യങ്ങൾ, ചിത്രങ്ങൾ എന്നിവ പ്രൊപ്പോസലിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
എയിംസ് മാതൃകയിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും മെഡിക്കൽ കോളേജും ഉൾപ്പെടുന്ന സ്ഥാപനത്തിനായുള്ള കേന്ദ്ര സർക്കാറിൻ്റെ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കുന്നതാണ് കാസർകോട് ജില്ലയിലെ പെരിയ യെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു.

അനുയോജ്യമായ സ്ഥലത്ത്  200 ഏക്കർ ഭൂമി, റോഡ് കണക്റ്റിവിറ്റി, ആവശ്യത്തിന് ജല-വൈദ്യുതി ലഭ്യത, ഭൂമിയും അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് മാനദണ്ഡങ്ങളായി പറഞ്ഞിട്ടുള്ളത്.
പെരിയയിൽ കണ്ടെത്തിയിട്ടുള്ള സ്ഥലം ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നതിനോടൊപ്പം മികച്ച ഭൂമിയുടെ അധിക ലഭ്യതയും യാത്രാസൗകര്യങ്ങളും പ്രധാന നേട്ടങ്ങളായി ഉയർത്തിക്കാട്ടിക്കൊണ്ട്, ഈ അടിസ്ഥാന ആവശ്യങ്ങൾക്ക് അനുയോജ്യമായ ശക്തമായ സാധ്യതയാണ്  പെരിയ മുന്നോട്ട് വെക്കുന്നതെന്ന് കളക്ടർ പറഞ്ഞു.
പെരിയയിലെ സംസ്ഥാന സർക്കാറിനുള്ള കീഴിലുള്ള പി.സി.കെ (പ്ലാൻ്റേഷൻ കോർപറേഷൻ ഓഫ് കേരളം ) ബ്ലോക്കുകൾ നേരിൽ സന്ദർശിച്ച് പരിശോധിച്ചാണ് പ്രൊപ്പോസൽ തയ്യാറാക്കിയതെന്ന് കളക്ടർ പറഞ്ഞു.

 കേന്ദ്ര മാനദണ്ഡങ്ങളും പെരിയയുടെ സവിശേഷതകളും

കേന്ദ്ര സർക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും പൂർണ്ണമായും തൃപ്തിപ്പെടുത്തുന്നതാണ് നിർദ്ദിഷ്ട പ്രദേശം:

മാനദണ്ഡങ്ങൾ (കേന്ദ്ര നിബന്ധന) പെരിയയിലെ അനുകൂല സാഹചര്യം
ഭൂമി ലഭ്യത (കുറഞ്ഞത് 200 ഏക്കർ)പുല്ലൂർ-പെരിയ പഞ്ചായത്തിൽ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന  274.69 ഏക്കർ സർക്കാർ (PCK) ഭൂമി.

റോഡ് കണക്റ്റിവിറ്റി

ദേശീയപാത 66-ന് (NH-66) തൊട്ടടുത്ത്; മികച്ച പ്രാദേശിക-അന്തർസംസ്ഥാന യാത്രാസൗകര്യം.

റെയിൽ, വ്യോമ കണക്റ്റിവിറ്റി


കാഞ്ഞങ്ങാട്, കാസർകോട് റെയിൽവേ സ്റ്റേഷനുകൾ; മംഗളൂരു, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ.

 ജല ലഭ്യത

മൂന്നാംകടവ്  പ്രധാന ജലസ്രോതസ്സായി കണ്ടെത്തി.

 വൈദ്യുതി ലഭ്യത

മയിലാട്ടി പവർ സ്റ്റേഷൻ, മാവുങ്കാൽ സബ്സ്റ്റേഷൻ എന്നിവ വഴി തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പുവരുത്താനാകും.

 പ്രധാന നേട്ടങ്ങളും പ്രാധാന്യവും

എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള കരുതൽ: ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ, പുനരധിവാസം, ന്യൂറോളജി, എൻവയോൺമെന്റൽ മെഡിസിൻ, ദീർഘകാല ഫോളോ-അപ്പ് എന്നിവയ്ക്കുള്ള പരമോന്നത കേന്ദ്രമായി എയിംസ് മാറും.

 അക്കാദമിക് - ഗവേഷണ നേട്ടം : തൊട്ടടുത്തുള്ള കേരള കേന്ദ്ര സർവ്വകലാശാലയുടെ കാമ്പസ്, ഐ.സി.എ.ആർ - സി.പി.സി.ആർ.ഐ (CPCRI), എച്ച്.എ.എൽ (HAL) എന്നിവയുമായി ചേർന്ന് മെഡിക്കൽ വിദ്യാഭ്യാസം, പബ്ലിക് ഹെൽത്ത്, ലൈഫ് സയൻസസ് മേഖലകളിൽ മികച്ച ഗവേഷണ അന്തരീക്ഷം ഉറപ്പാക്കാം. സർവ്വകലാശാലയിലെ ഹെലിപാഡ് അടിയന്തര എയർ ആംബുലൻസ് സൗകര്യങ്ങൾക്കും പ്രയോജനപ്പെടും.

 ഭൂമി കൈമാറ്റ മാതൃക: മുൻപ് കേന്ദ്ര സർവ്വകലാശാലയ്ക്കായി പ്ലാന്റേഷൻ കോർപ്പറേഷൻ ഭൂമി വിട്ടുനൽകിയ മാതൃകയിൽ ചട്ടങ്ങൾക്ക് വിധേയമായി റവന്യൂ വകുപ്പ് വഴി ഭൂമി എയിംസിന് ലഭ്യമാക്കാൻ സാധിക്കും.

 തൊഴിലാളി ക്ഷേമവും പ്രാദേശിക വികസനവും:

നിലവിൽ ഇവിടെ ജോലി ചെയ്യുന്ന 28 ദിവസവേതന തൊഴിലാളികൾക്ക് എയിംസിലെ സുരക്ഷ, ശുചീകരണം, മെയിന്റനൻസ് തുടങ്ങിയ അനുബന്ധ മേഖലകളിൽ പുനരധിവാസം ഉറപ്പാക്കാൻ നിർദ്ദേശമുണ്ട്. കൂടാതെ പ്രാദേശികമായി വൻതോതിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

 അന്തർസംസ്ഥാന പ്രാധാന്യം: 

വടക്കൻ കേരളത്തിലെയും കർണാടക അതിർത്തി പ്രദേശങ്ങളിലെയും (ദക്ഷിണ കന്നഡ, കുടക്) ജനങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു സുപ്രധാന തൃതീയതല ആരോഗ്യ കവാടമായി (Tertiary Healthcare Gateway) പെരിയ മാറും.

ജില്ലാ കളക്ടർക്കൊപ്പം ജില്ലാ സാമൂഹിക നീതി ഓഫീസർ ആര്യ പി.രാജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ ഹൊസ്ദുർഗ് തഹസിൽദാർ കെ. രമേശൻ, പെരിയ വില്ലേജ് ഓഫീസർ മധു, താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ അനിൽ ഫിലിപ്പ്, സർവ്വേ ഉദ്യോഗസ്ഥർ പി.സി.കെ യൂണിറ്റ് മാനേജർ സജീവ് എന്നിവരാണ് സ്ഥലം സന്ദർശിച്ച് സാധ്യതകൾ വിലയിരുത്തിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ