തിരുവനന്തപുരം:ബോർഡ്–കോർപറേഷൻ അധ്യക്ഷ പദവികൾ വീതംവെക്കുന്നത് യുഡിഎഫ് നേതൃത്വത്തിന് കീറാമുട്ടിയാകുന്നതിനിടെ കെടിഡിസി ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് പി.വി. അൻവർ രംഗത്ത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർക്ക് അൻവർ ഔദ്യോഗികമായി കത്ത് നൽകി.
കെടിഡിസി ചെയർമാൻ പദവിക്ക് പുറമെ തനിക്കൊപ്പം നിൽക്കുന്നവർക്കായി ബോർഡ്–കോർപറേഷനുകളിലെ മൂന്ന് അധ്യക്ഷ സ്ഥാനങ്ങൾ കൂടി അൻവർ ആവശ്യപ്പെട്ടിട്ടുണ്ട്. നാലിൽ കുറഞ്ഞത് മൂന്ന് സ്ഥാനങ്ങളെങ്കിലും ലഭിക്കണമെന്നാണ് അൻവറിന്റെ നിലപാട്. സജി മഞ്ഞക്കടമ്പൻ ഉൾപ്പെടെയുള്ളവർക്ക് സ്ഥാനങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം നേതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ അവസാനിക്കുന്നതിന് മുമ്പ് തീരുമാനമറിയിക്കാമെന്നാണ് യുഡിഎഫ് നേതൃത്വം അൻവറിനെ അറിയിച്ചിരിക്കുന്നത്.
ഒരു എംഎൽഎ മാത്രമുള്ള പാർട്ടികൾക്ക് അധ്യക്ഷ പദവിക്ക് പകരം ബോർഡ്–കോർപറേഷൻ അംഗത്വം നൽകാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി മാണി സി. കാപ്പനെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ഒരു എംഎൽഎ പോലുമില്ലാത്ത അൻവർ സുപ്രധാന സ്ഥാപനമായ കെടിഡിസിയുടെ അധ്യക്ഷ പദവി ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, അൻവറിന് കെടിഡിസി ചെയർമാൻ സ്ഥാനം നൽകുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ നേരത്തെ തന്നെ എതിർപ്പുയർന്നിരുന്നു. ബോർഡ്–കോർപറേഷൻ അധ്യക്ഷ സ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്ന കെടിഡിസി ചെയർമാൻ പദവിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ആരെയെങ്കിലും നിയമിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഒരു മുൻ മന്ത്രിയടക്കം ഈ സ്ഥാനത്തിനായി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക് ബോർഡ്–കോർപറേഷൻ അധ്യക്ഷ പദവികൾ നൽകേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിനൊപ്പം ചേർന്ന പി.വി. അൻവർ ബേപ്പൂർ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും യുഡിഎഫിന് നൽകിയ രാഷ്ട്രീയ പിന്തുണ പരിഗണിച്ച് അർഹമായ പദവി നൽകണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. പിണറായി വിജയൻ സർക്കാരിനെതിരെയും സിപിഎമ്മിനെതിരെയും യുഡിഎഫ് നടത്തിയ രാഷ്ട്രീയ നീക്കങ്ങളിൽ അൻവർ നിർണായക പങ്കുവഹിച്ചിരുന്നുവെന്ന വിലയിരുത്തലും അദ്ദേഹത്തിന് അനുകൂലമായുണ്ട്.
അസോസിയേറ്റ് അംഗമായി യുഡിഎഫിലെത്തിയ അൻവറിനെപ്പോലുള്ള നേതാക്കളെ മുന്നണിയിൽ നിലനിർത്തേണ്ടത് രാഷ്ട്രീയമായി പ്രധാനമാണെന്ന അഭിപ്രായവും ഒരു വിഭാഗത്തിനുണ്ട്. എന്നാൽ ടൂറിസം വകുപ്പ് കൈകാര്യം ചെയ്യുന്ന കോൺഗ്രസ് തന്നെ കെടിഡിസി ചെയർമാൻ സ്ഥാനം ഏറ്റെടുക്കണമെന്ന അഭിപ്രായത്തിനാണ് പാർട്ടിക്കുള്ളിൽ നിലവിൽ മുൻതൂക്കം.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ