കാഞ്ഞങ്ങാട്: കോവിഡ് കാലത്ത് നിർത്തലാക്കിയ മംഗള എക്സ്പ്രസിന്റെ കാഞ്ഞങ്ങാട് സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോറം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ നവംബർ 24-ന് ഏകദിന പ്രതിഷേധ സംഗമവും നിരാഹാര സത്യാഗ്രഹവും സംഘടിപ്പിക്കും.
മാണിക്കോത്ത് ഗ്രീൻ ഷോപ്പി ഹാളിൽ ചേർന്ന സംഘടനയുടെ ജനറൽ ബോഡി യോഗത്തിലാണ് സമരപരിപാടികൾക്ക് രൂപം നൽകിയത്. നവംബർ 24-ന് രാവിലെ 10 മുതൽ വൈകുന്നേരം വരെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്താണ് സമരം. ഇതിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് ഒപ്പുശേഖരണവും പ്രധാനമന്ത്രിക്ക് അയക്കുന്നതിനായി പ്രതിഷേധ പോസ്റ്റ് കാർഡുകളുടെ ശേഖരണവും നടത്തും.
വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനത്തുള്ള കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനെ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ സ്റ്റേഷനായി ഉയർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ കവാടമായ കാഞ്ഞങ്ങാടിന് അർഹമായ റെയിൽവേ വികസനവും ട്രെയിൻ സ്റ്റോപ്പുകളും നിഷേധിക്കുന്നത് കാറ്റഗറി മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
രാത്രികാല യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ കാസർകോട് വരെ നീട്ടുക, രാമേശ്വരം എക്സ്പ്രസിനും മരുസാഗർ എക്സ്പ്രസിനും കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താന് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.
നവംബർ 18-ന് കാഞ്ഞങ്ങാട് മർച്ചന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പരിപാടിക്ക് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
**പുതിയ ഭാരവാഹികൾ**
- പ്രസിഡന്റ്: കൂക്കൾ ബാലകൃഷ്ണൻ
- ജനറൽ സെക്രട്ടറി: സി.കെ. നാസർ
- ട്രഷറർ: ലക്ഷ്മണൻ നമ്പ്യാർ
- വൈസ് പ്രസിഡന്റ്: കെ. റസാഖ്
- സെക്രട്ടറി: ദിലീപ് മടയിൽ
- പി.ആർ.ഒ: നിയാസ് വടകര
- പ്രോഗ്രാം കോ-ഓർഡിനേറ്റർ: അബ്ദുൽ ഖയ്യൂം കാഞ്ഞങ്ങാട്
- മെമ്പർഷിപ്പ് കോ-ഓർഡിനേറ്റർ: ഷബീർ ഹസ്സൻ
- മീഡിയ കോ-ഓർഡിനേറ്റർ: കെ.പി. സലീം മഡിയൻ
- ഡോക്യുമെന്റേഷൻ കോ-ഓർഡിനേറ്റർ: സാബിർ ആസ്ക
കൂക്കൾ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സി.കെ. നാസർ സ്വാഗതം പറഞ്ഞു. അബ്ദുൽ ഖയ്യൂം, ലക്ഷ്മണൻ നമ്പ്യാർ, കെ.പി. സലീം മഡിയൻ, കെ. റസാഖ്, ദിലീപ് മടയിൽ, നിയാസ് വടകര, ഷബീർ ഹസ്സൻ, സാബിർ ആസ്ക എന്നിവർ സംസാരിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ