കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ തറക്കല്ലിട്ടു. പി.കരുണാകരന്‍ എം.പി. അധ്യക്ഷത വഹിച്ചു.
പി.ബി.അബ്ദുള്‍റസാഖ് എം.എല്‍.എ., നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, വൈസ് ചെയര്‍മാന്‍ എല്‍.സുലൈഖ, സ്ഥിരംസമിതി അധ്യക്ഷ ഗംഗ രാധാകൃഷ്ണന്‍, ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍, സി.പി.ഐ. ജില്ലാ പ്രസിഡന്റ് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി.ഖമറുദ്ദീന്‍, ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, കേരളാ കോണ്‍ഗ്രസ് (എം.) ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പില്‍, കോണ്‍ഗ്രസ് (എസ്.) ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മേല്‍പ്പാലത്തില്‍ റെയില്‍വേ ട്രാക്കിനു മുകളിലുള്ള ഭാഗം റെയില്‍വേയും റെയില്‍വേ സ്പാനിന് ഇരുവശവുമുള്ള മേല്‍പ്പാലം അപ്രോച്ച് റോഡ്, സര്‍വീസ് റോഡുകള്‍ എന്നിവയുടെ നിര്‍മാണപ്രവൃത്തികള്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനുമാണ് പൂര്‍ത്തീകരിക്കുക.
റെയില്‍വേ ഭാഗം ഉള്‍പ്പെടെ 730 മീറ്റര്‍ നീളത്തിലും 10.15 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുക ഒന്നരമീറ്റര്‍ നടപ്പാതയും പാലത്തിലുണ്ടാകും. റെയില്‍വേ സ്പാനിന്റെ ഇരുവശത്തും സ്റ്റെയര്‍കെയ്‌സും നിര്‍മിക്കും.
ഇതെല്ലാം ഉള്‍പ്പെടെയുള്ള അടങ്കല്‍തുക 15.61 കോടി രൂപയാണ്. എറണാകുളം ആസ്ഥാനമായുള്ള ജിയോ ഫൗണ്ടേഷന്‍സ് ആന്‍ഡ് സ്ട്രക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റിഡ് കമ്പനിയാണ് നിര്‍മാണക്കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.
18 മാസംകൊണ്ട് പൂര്‍ത്തിയാക്കും
കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. അതത് നിര്‍മാണഘട്ടങ്ങള്‍ സമയബന്ധിതമായി പണിതു തീര്‍ക്കണമെന്ന് കരാര്‍ ഏറ്റെടുത്തവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ധനമന്ത്രിയും പൊതുമരാത്ത് മന്ത്രിയും നിറഞ്ഞ പിന്തുണയാണ് ഇക്കാര്യത്തില്‍ നല്കിയത്. 400 കോടി രൂപ ചെലവഴിച്ച് കാഞ്ഞങ്ങാട് പട്ടണത്തില്‍ ഫ്‌ളൈ ഓവര്‍ പണിയാനുള്ള തീരുമാനം വേഗത്തിലാക്കും.
പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനത്തിന് കഴിഞ്ഞ ബജറ്റില്‍ ആദ്യഗഡു നീക്കിവെച്ചിരുന്നു. ഫ്‌ളൈ ഓവറിന്റെ വിശദമായ പ്രോജക്ട് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആലാമിപ്പള്ളി മുതല്‍ കോട്ടച്ചേരി വടക്കുവരെ നീളുന്നതാണ് ഫ്‌ളൈ ഓവര്‍.
ആഹ്ലാദത്തില്‍ തീരദേശഗ്രാമം
തീരദേശത്തെ ജനങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ഇനി ആകാശത്തോളം പ്രതീക്ഷ. കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിന് തറക്കല്ലിട്ടപ്പോള്‍ ഈ നാട്ടുകാരുടെ നീണ്ടകാലത്തെ ആഗ്രഹത്തിനാണ് തളിരിട്ടത്.
കോട്ടച്ചേരി റെയില്‍വേ ഗേറ്റിലെ ഗതാഗതക്കുരുക്ക് തീരദേശ ഗ്രാമക്കാരുടെ ജീവിതത്തിലെ കഷ്ടപ്പാടിന്റെകൂടി ഭാഗമായി മാറിയിരിക്കുന്നു. പാലത്തിന് തറക്കല്ലിട്ടപ്പോള്‍ അവര്‍ പറഞ്ഞു; 'ഞങ്ങളുടെ കഷ്ടപ്പാടിന്റെ കയ്‌പൊഴിയുന്നു...'
2003-ലാണ് കോട്ടച്ചേരിയില്‍ റെയില്‍വേ മേല്‍പ്പാലം വേണമെന്ന നാടിന്റെ സ്വരത്തിന് കനംവെച്ചത്. ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന ചര്‍ച്ചകളായി പിന്നീട്. ചില സ്വകാര്യവ്യക്തികള്‍ കേസിനു പോയി. വിഷയം ഹൈക്കോടതിയില്‍ വരെയെത്തി.
ഒടുവില്‍ കേസിന്റെ നൂലാമാലകളെല്ലാം അവസാനിച്ച് സ്ഥലം ഏറ്റെടുത്തു. 22 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കാനായി ചെലവഴിച്ചത്.
അഭിമാനത്തോടെ കര്‍മസമിതി
കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിന് തറക്കല്ലിടാന്‍ പാകത്തില്‍ കാര്യങ്ങള്‍ സുഗമമാക്കിയതില്‍ നാടിന്റെ കൈയടി മുഴുവന്‍ കര്‍മസമിതിക്ക്.
കര്‍മസമിതിയുടെ ആവേശത്തോടെയുള്ള പ്രവര്‍ത്തനമാണ് തര്‍ക്കങ്ങളും പ്രതിബന്ധങ്ങളും തട്ടിമാറ്റി ലക്ഷ്യത്തിലെത്താന്‍ സഹായിച്ചത്.
2012 മാര്‍ച്ചില്‍ ആവിക്കര എല്‍.എല്‍.പി. സ്‌കൂളില്‍ രൂപംകൊണ്ട കര്‍മസമിതി പിന്നീടിങ്ങോട്ട് നിരന്തരമായി ഇടപെടുകയായിരുന്നു.
പൊതുജനങ്ങളെ അണിനിരത്തി സമരവഴിയിലേക്ക് നീങ്ങാനും കര്‍മസമിതി പ്രവര്‍ത്തകര്‍ക്കായി. മനുഷ്യമതില്‍, ഒപ്പുശേഖരണം, ധര്‍ണ, വാഹനപ്രചാരണജാഥ തുടങ്ങിയ സമരമുറകളുമായി കര്‍മസമിതി മുന്നോട്ടുപോയപ്പോള്‍ പ്രതിസന്ധികള്‍ തനിയെ നീങ്ങുകയായിരുന്നു.
0 Comments