കോട്ടയം: കെവിൻ കൊലക്കേസിൽ രണ്ട് പോലീസുകാർ കസ്റ്റഡിയിൽ. എഎസ്ഐ ബിജുവിനേയും ജീപ്പ് ഡ്രൈവറെയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവർ പ്രതികളെ സഹായിച്ചുവെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ഐജി വിജയ് സാഖറെ അറിയിച്ചു.
പോലീസുകാർ കൈക്കൂലി വാങ്ങിയതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ഇതുവരെ ആറ് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ഇവർക്കെതിരെ കൊലക്കുറ്റത്തിനും തട്ടിക്കൊണ്ടു പോയതിനും കേസെടുത്തിട്ടുണ്ടെന്നും സാഖറെ വ്യക്തമാക്കി.
എഎസ്ഐ ബിജുവിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കേസ് അന്വേഷണം അട്ടിമറിച്ചത് ബിജുവാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. രാത്രിയിൽ ബിജുവിനൊപ്പം പട്രോളിംഗിനുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവറെയും സസ്പെൻഡ് ചെയ്തിരുന്നു.
ഷാനുവിനെ ശനിയാഴ്ച രാത്രിയിൽ പട്രോളിംഗിനിടെ എഎസ്ഐ പിടികൂടിയിരുന്നു. ദുരൂഹ സാഹചര്യത്തിൽ കാറിൽ ചെറുപ്പക്കാരെ കണ്ടതിനെ തുടർന്നാണ് പിടികൂടിയത്. ഇവരെ ഒന്നര മണിക്കൂറോളം ബിജു തടഞ്ഞുവച്ചതിനു ശേഷം വിട്ടയച്ചു. കൈക്കൂലി വാങ്ങിയാണ് ഷാനുവിനെയും സംഘത്തെയും വിട്ടയച്ചതെന്നാണ് വിവരം. സംഭവം ഉന്നത ഉദ്യോഗസ്ഥരെ ബിജു അറിയിക്കുകയും ചെയ്തില്ല. ഇതോടെയാണ് എഎസ്ഐയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്.

0 Comments