കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരില്‍ ദാരുണമായി കൊല്ലപ്പെട്ട കോട്ടയം സ്വദേശി കെവിന്റേത് മുങ്ങിമരണമാണെന്ന് പ്രഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കെവിന്റെ ശരീരത്തില്‍ നിരവധി പരുക്കുകളുണ്ട്. എന്നാല്‍ അവ മരണകാരണമല്ല. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം തോട്ടില്‍ ഉപേക്ഷിച്ചതോ, ഓടിരക്ഷപ്പെടുന്നതിനിടെ തോട്ടില്‍ വീണ് മരിച്ചതോ ആവാം. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം പുറത്തുവരുമ്പോള്‍ മാത്രമാണ് ഇക്കാര്യത്തില്‍ വ്യക്തത വരൂ. തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് പോലീസിന് കൈമാറും.
അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. മുഖ്യപ്രതി ഷാനു ചാക്കോ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. കെവിന്റെ മരണത്തിനു ശേഷം കേരളം വിട്ട പ്രതികള്‍ പല വഴികളായി തിരിഞ്ഞുപോയിരുന്നു. ഇവരില്‍ മൂന്നു പേരെ ഇന്നലെ പിടികൂടിയിരുന്നു. മറ്റുള്ളവര്‍ ഒളിവിലാണ്.
അതിനിടെ, കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോയുടെ തെന്മലയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. പാലാ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ എത്തിയത്. പൂട്ടിക്കിടന്നിരുന്ന വീടിന്റെ പൂട്ട് പൊളിച്ചാണ് പോലീസ് അകത്തുകയറിയത്. ഇന്നലെ രാത്രി വീട്ടില്‍ നിന്നും വെളിച്ചം കണ്ടിരുന്നുവെന്ന് അയല്‍വാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് സംഘം ഇവിടെ ഉച്ചയോടെ പരിശോധനയ്‌ക്കെത്തിയത്.
പോലീസ് പ്രതിചേര്‍ത്തതോടെ ചാക്കോയും ഭാര്യ രഹ്നയും ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. കേസില്‍ 14 പേരെയാണ് പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും പോലീസ് വ്യക്തമാക്കി.

0 Comments