യാത്രക്കാരന്‍ മരിച്ചതറിഞ്ഞില്ല; എക്‌സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയില്‍ കിടന്ന മൃതദേഹം സഞ്ചരിച്ച് 1,500 കിലോമീറ്റര്‍

യാത്രക്കാരന്‍ മരിച്ചതറിഞ്ഞില്ല; എക്‌സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയില്‍ കിടന്ന മൃതദേഹം സഞ്ചരിച്ച് 1,500 കിലോമീറ്റര്‍

കാണ്‍പൂര്‍: റെയില്‍വേ ജീവനക്കാരുടെയും സഹയാത്രക്കാരുടെയും അനാസ്ഥയ്ക്ക് മറ്റൊരു ഉദാഹരണം കൂടി. യാത്രയ്ക്കിടെ ഹൃദയാഘാതം വന്ന് ട്രെയിനിലിരുന്ന് മരിച്ച യാത്രക്കാരനുമായി ട്രെയിന്‍ സഞ്ചരിച്ചത് 1,500 ഓളം കിലോമീറ്റര്‍. 72 മണിക്കൂര്‍ ട്രെയിന്റെ ശുചിമുറിയില്‍ കിടന്ന മൃതദേഹം ആരും കണ്ടെത്തിയില്ല. മൂന്നു ദിവസത്തോളം ശുചിമുറി അകത്തുനിന്ന് പൂട്ടിയ നിലയില്‍ കണ്ടിട്ട് ആരും പരാതിപ്പെട്ടുമില്ല.

കാണ്‍പൂര്‍ സ്വദേശിയായ ബിസിനസുകാരന്‍ സഞ്ജയ് കുമാര്‍ അഗര്‍വാള്‍ ആണ് ട്രെയിന്‍ യാത്രയ്ക്കിടെ ശുചിമുറിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവീണത്. പട്‌ന-കോട്ട എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. ഈ മാസം 24ന് വൈകിട്ട് ആറുമണിയോടെയാണ് സഞ്ജയ് കാണ്‍പൂരില്‍ നിന്നും ട്രെയിനില്‍ കയറിയത്. ആഗ്രഹയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു സഞ്ജയ്. എസി 3ടയര്‍ കോച്ചിലാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത്.

രാത്രി 7.30 ഓടെ സഞ്ജയ്ക്ക് ഭാര്യയുടെ ഫോണ്‍ വന്നിരുന്നു. തനിക്ക് നല്ല സുഖമില്ലെന്നും പറ്റുമെങ്കില്‍ യാത്ര ഒഴിവാക്കുമെന്നും അയാള്‍ പറഞ്ഞിരുന്നു. പിന്നീട് പല തവണ വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നെ സഞ്ജയെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. 72 മണിക്കൂറിനു ശേഷം പട്‌ന റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്റെ എസ്1 കോച്ചിലെ ശുചിമുറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

കാണ്‍പൂരില്‍ നിന്ന് ആഗ്രയിലേക്ക് വെറും 300 കിലോമീറ്റര്‍ മാത്രമാണ് ട്രെയിനില്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ സഞ്ജയുടെ മൃതദേഹം അവിടെ നിന്നും 1000 കിലോമീറ്റര്‍ കൂടി അകലെ നിന്ന് കണ്ടെത്തിയത്. ഇത്രയധികം ദൂരം ഇദ്ദേഹം ശുചിമുറിയില്‍ മരിച്ചുകിടക്കുകയായിരുന്നു. സഹയാത്രക്കാരോ ശുചീകരണ തൊഴിലാളികളോ റെയില്‍വേ ജീവനക്കാരോ ഇതൊന്നും അറിഞ്ഞില്ല.

സഞ്ജയെ വിളിച്ചിട്ട് പ്രതികരണം ലഭിക്കാതെ വന്നതോടെ ഭാര്യ റെയിവേ പോലീസിനെ ബന്ധപ്പെട്ടു. ട്രെയിന്‍ കോട്ടയില്‍ എത്തി തിരിച്ച് വരുന്ന വഴിക്കാണ് റെയില്‍വേ പോലീസ് പരിശോധിക്കാന്‍ കയറിയത്. ശുചിമുറി അകത്തുനിന്ന് പൂട്ടിക്കിടക്കുന്നത് കണ്ട് പോലീസ് വാതില്‍ തകര്‍ത്ത് അകത്തുകടന്ന പോലീസുകാര്‍ മരിച്ചുകിടക്കുന്ന സഞ്ജയിനെ ആണ് കണ്ടത്. ഇദ്ദേഹത്തിന്റെ പോക്കറ്റില്‍ 9,000 രൂപയും തിരിച്ചറിയല്‍ രേഖകളുമുണ്ടായിരുന്നു.

മേയ് 24ന് വൈകിട്ടോടെ മരണമടഞ്ഞ സഞ്ജയിനെ കണ്ടെത്തിയത് 26ന് രാവിലെയാണ്. ഇതിനു ശേഷമാണ് എഫ്.ഐ.ആര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തതും. ഇത് അസാധാരണ സംഭവമാണെന്നും പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും റെയില്‍വേയുടെ അന്വേഷണം നടക്കുന്നുണ്ടെന്നും ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.

സഞ്ജയുടെ ഭാര്യ നല്‍കിയ ട്രെയിന്‍ നമ്പര്‍ തെറ്റായിരുന്നുവെന്നും അതാണ് ആളെ കണ്ടെത്താന്‍ വൈകിയതെന്നും റെയില്‍വേ വക്താവ് പറഞ്ഞു. 13237 എന്ന ട്രെയിന്‍ നമ്പര്‍ ആണ് അവര്‍ പോലീസ് പരാതിയില്‍ നല്‍കിയത്. എന്നാല്‍ 13239 എന്നതായിരുന്നു ശരിയായ നമ്പര്‍. മാത്രമല്ല, സഞ്ജയ് റിസര്‍വേഷന്‍ ഇല്ലാതെയായിരുന്നു യാത്ര ചെയ്തിരുന്നതെന്നും വക്താവ് അറിയിച്ചു.

Post a Comment

0 Comments