പ്രകൃതിയെ തൊട്ടറിഞ്ഞ് റാണിപുരത്ത് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് കുടുംബ സംഗമം
Monday, September 16, 2019
കാഞ്ഞങ്ങാട്: മനുഷ്യ നിർമ്മിത പ്രകൃതി ദുരന്തങ്ങളില്‍ സമീപ നാളുകളിൽ മലയാള നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ വരും തലമുറക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുടുംബാംഗങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിന് വേണ്ടി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ഒരുക്കിയ 'മണ്ണിലേക്കും പ്രകൃതിയിലേക്കും' എന്ന യാത്ര ശ്രദ്ധേയമായി. ക്ലബ്ബിലെ അമ്പതോളം വരുന്ന കുടുംബാംഗങ്ങൾ കേരളത്തിന്റെ ഊട്ടിയെന്നറിയപ്പെടുന്ന റാണിപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു. പ്രസിഡണ്ട് അൻവർ ഹസ്സൻ ഉദ്ഘാടനം ചെയ്തു. മനുഷ്യരുടെ സ്വാർത്ഥതയും ദയയില്ലായ്മയുമാണ് പ്രകൃതിക്ഷോഭങ്ങളെ വിളിച്ചു വരുത്തിയത്, പ്രകൃതിയും പ്രകൃതിസമ്പത്തും വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് മനുഷ്യർ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമ്പോഴാണ് പ്രകൃതി മനുഷ്യർക്ക് മേൽ തണലും സംരക്ഷണ ഭിത്തിയുമൊരുക്കുകയെന്ന് അൻവർ ഹസ്സൻ പറഞ്ഞു. റാണിപുരത്തെ കാട്ടുപാതയിലെ അപൂർവ്വ ഇനങ്ങളായ ഔഷധചെടികളെയും തുമ്പയും മുക്കുറ്റിയുമുൾപ്പെടെയുള്ള കാട്ടു പൂക്കളുടെ സൗന്ദര്യത്തെയും തൊട്ടറിഞ്ഞു കൊണ്ടുള്ള യാത്ര കുട്ടികളടങ്ങിയ പുതുതലമുറക്ക് പുത്തനനുഭവമായി. രാവിലെ ഒമ്പത് മണിക്ക് റാണിപുരം മഴക്കാടുകളും ചോലവനങ്ങളും നടന്നുകയറി മാനിമല പുല്‍മേടിന്റെ സൗന്ദര്യം ആസ്വദിക്കുകയും അതിനെ കുറിച്ചുള്ള വിവരങ്ങള്‍ അംഗങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം മത്സരങ്ങളും സമ്മാനവിതരണവും നടന്നു. കൂടാതെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച സംഗീത നൃത്ത പരിപാടികളും അരങ്ങേറി.
സോൺ ചെയർ പേർസൻ എം ബി ഹനീഫ്, പ്രോഗ്രാം ഡയരക്ടര്‍ അബ്ദുൽ നാസ്സർ, ഹാറൂൺ ചിത്താരി, ഗോവിന്ദൻ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments