
ജിയോടിവിക്കും എയര്‍ടെല്‍ എക്‌സ്ട്രീമിനും ഭീഷണിയായി ബിഎസ്എന്‍എല്‍ ലൈവ് ടിവി സംവിധാനവുമായി രംഗത്തെത്തുന്നു. പ്രമുഖ ലൈവ് ടിവി വെബ്സൈറ്റായ യപ് ടിവിയുമായി കൈകോര്‍ത്താണ് ബിഎസ്എന്‍എല്‍ ലൈവ് ടിവി രംഗത്തേക്ക് ചുവടുവെക്കുന്നത്.
വീഡിയോ, വോയ്‌സ്, ഇന്റര്‍നെറ്റ് എന്നിവ ഒന്നിക്കുന്ന ട്രിപ്പിള്‍ പ്ലേ സര്‍വീസിലാണ് യപ് ടിവിയും ബിഎസ്എന്‍എലും സഹകരിക്കുക. ബിഎസ്എന്‍എലിന്റെ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനമായ ഭാരത് ഫൈബറും ഇതില്‍ പെടും. ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ ഡികെ അഗര്‍വാളും യപ് ടിവി സ്ഥാപകനും സിഇഒയുമായ ഉദയ് റെഡ്ഡിയും ഇക്കാര്യത്തില്‍ ധാരണാപത്രം ഒപ്പിട്ടു. ഒരു മാസത്തിനുള്ളില്‍ ഇതിന് അന്തിമരൂപം നല്‍കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.
ബിഎസ്എന്‍എല്ലിന്റെ ബ്രോഡ്ബാന്‍ഡ് സേവനം ഉപയോഗപ്പെടുത്തുന്നവര്‍ക്കാണ് യപ് ടിവിയുടെ വീഡിയോ സേവനങ്ങള്‍ ലഭ്യമാവുക. 4കെ വീഡിയോകള്‍, ചാനലുകള്‍ തുടങ്ങി ജിയോ ടിവിയും എയര്‍ടെല്‍ എക്‌സ്ട്രീമും നല്‍കുന്ന മുഴുവന്‍ സേവനങ്ങളും യപ് ടിവിയില്‍ ലഭ്യമാകും. സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസം തന്നെ വീട്ടിലിരുന്ന് കാണാവുന്ന 'ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ' എന്ന സേവനവും യപ് ടിവിയിലുണ്ട്.
0 Comments