
കൊച്ചി : ഉപതിരഞ്ഞെടുപ്പിന്റെ ഓളങ്ങള്‍ അടങ്ങും മുമ്പേ കൊച്ചി മേയര്‍ സൗമിനി ജയിനു സ്ഥാന ചലനമുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ യുഡിഎഫിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഏറ്റവും അധികം മറുപടി പറയേണ്ടി വന്നത് നഗരസഭയുടെ വീഴ്ചയ്ക്കായിരുന്നു എന്നതാണ് പ്രധാന കാരണം. തകര്‍ന്നു കിടക്കുന്ന കോര്‍പ്പറേഷന്‍ റോഡുകള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം ചില്ലറയൊന്നുമല്ല തിരഞ്ഞെടുപ്പിനെ ബാധിച്ചത്. ഡപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് സ്ഥാനാര്‍ഥിയായതോടെ ഇതു ശക്തമായി. തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതും ഇതുതന്നെ. തിരഞ്ഞെടുപ്പു ദിവസം തന്നെ കനത്ത മഴ പെയ്ത് പോളിങ് സ്റ്റേഷനടക്കം വെള്ളത്തിലായതും ജനങ്ങള്‍ ദുരിതത്തിലായതും നഗരസഭയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷമാക്കിയിരുന്നു.
നഗരസഭയുടെ വീഴ്ച കോടതിയിലേക്കു കൂടി നീണ്ടതോടെ കാര്യങ്ങള്‍ക്കു വ്യക്തത വന്നു. അല്‍പം ശാസ്ത്രീയമായ വിശദീകരണം നല്‍കാനായിരുന്നു നഗരസഭയോട് കോടതി പോലും പറഞ്ഞത്. പരസ്യമായി പറഞ്ഞില്ലെങ്കിലും രഹസ്യമായി നഗരസഭയുടെ വീഴ്ച കോണ്‍ഗ്രസ് നേതാക്കളും പരസ്പരം ചൂണ്ടിക്കാണിച്ചു തുടങ്ങി. ഇങ്ങനെ ഒരു മേയര്‍ തുടരണോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളിലും ചര്‍ച്ച ശക്തമായി. കഴിഞ്ഞ പ്രളയകാലത്തും കഴിഞ്ഞ ദിവസമുണ്ടായ കനത്ത വെള്ളക്കെട്ടിന്റെ സമയത്തും മേയര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല എന്ന ആരോപണം ശക്തമാണ്.
ജസ്റ്റിസ് നഗരസഭയെ വിറപ്പിച്ചത് വെള്ളത്തില്‍ ഇറങ്ങി ദുരിതങ്ങള്‍ നേരിട്ടറിഞ്ഞ ശേഷം
ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഹൈബി ഈഡന്‍ എംപി കാര്യങ്ങള്‍ കുറച്ചു കൂടി തെളിച്ചു പറഞ്ഞു. വനിതാ മേയര്‍ക്കു കോണ്‍ഗ്രസ് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടും ഒന്നും നടന്നില്ലെന്നായിരുന്നു ആദ്ദേഹം പറഞ്ഞത്. 1000 കോടിയുടെ കേന്ദ്ര സ്മാര്‍ട് സിറ്റി പദ്ധതി, അമൃത് മിഷന്‍ നഗരവികസന പദ്ധതി, ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ്, റോഡ് നവീകരണം തുടങ്ങിയ ജനകീയ പ്രശ്‌നങ്ങളിലൊന്നും വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ നഗരസഭയ്ക്കു കഴിഞ്ഞില്ല. തേവരയില്‍ ഒന്നര വര്‍ഷമായി റോഡ് തകര്‍ന്നു കിടന്നിട്ടും പരിഹരിക്കുന്നതില്‍ നഗരസഭ പരാജയപ്പെട്ടെന്നും അദ്ദേഹം തുറന്നടിച്ചു. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പാര്‍ട്ടി വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും മേയറെ മാറ്റുന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നുമാണ് ഇന്ന് ഹൈബി പറഞ്ഞത്.
കോര്‍പ്പറേഷന്‍ ഭരണം രണ്ടര വര്‍ഷം കഴിയുമ്പോള്‍ മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ ഒഴിയുമെന്നായിരുന്നു മുന്‍ തീരുമാനം. ഈ കാലയളവ് പൂര്‍ത്തിയാതോടെ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നെങ്കിലും തിരഞ്ഞെടുപ്പുകള്‍ വന്നതിനാല്‍ അതു തുടര്‍ന്നില്ല. തിരഞ്ഞെടുപ്പിനു മുമ്പുള്ള മേയര്‍ മാറ്റം ഭരണപരാജയമായി ചര്‍ച്ച ചെയ്യപ്പെടുമെന്നതിനാല്‍ തല്‍ക്കാലം മാറ്റം വേണ്ടെന്നായിരുന്നു തീരുമാനം. എന്നാല്‍ ഇനി തിരഞ്ഞെടുപ്പു വിജയത്തെ തുടര്‍ന്ന് വിനോദ് സ്വാഭാവികമായും ഡപ്യൂട്ടി മേയര്‍ സ്ഥാനത്തുനിന്ന് ഒഴിവാകും.
അതിനൊപ്പം മേയറെക്കൂടി മാറ്റാനും ഈ സാഹചര്യം ഉപയോഗിക്കാം. അതു മനസ്സിലാക്കിയാവണം തിരഞ്ഞെടുപ്പിലെ തിരിച്ചടിയോട് സൗമിനി ജയിന്‍ ഇന്നു നടത്തിയ പ്രതികരണം എന്നു വേണം കരുതാന്‍. തന്നോട് മേയര്‍ സ്ഥാനത്തുനിന്ന് ഒഴിവാകാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അത് മുന്‍ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും എന്നു വേണം കരുതാന്‍ എന്നായിരുന്നു മേയര്‍ പ്രതികരിച്ചത്. അതായത്, തന്റെ ഭരണ പരാജയം കൊണ്ടല്ല എന്ന്. താന്‍ ഒഴിയാന്‍ തയാറാണെന്നും മേയര്‍ വ്യക്തമാക്കിയിട്ടുണ്ട്. തകര്‍ന്ന റോഡുകളുടെ കാര്യത്തിലടക്കം ഭരണ വീഴ്ചയില്ലെന്നും അവര്‍ പറയുന്നു.
ഉപതിരഞ്ഞെടുപ്പു ഫലം ഇങ്ങനെയാകുമെന്ന് സംസ്ഥാന നേതൃത്വം പ്രതീക്ഷിച്ചിരുന്നു എന്നു തന്നെയാണ് കരുതുന്നത്. എറണാകുളം മണ്ഡലത്തില്‍ ഭൂരിപക്ഷം നാലായിരത്തില്‍ താഴെയായാല്‍ പാര്‍ട്ടിക്കുള്ളിലെ വികാരം കോര്‍പ്പറേഷന്‍ ഭരണ നേതൃത്വത്തിനെതിരെ തിരിയുമെന്ന് ഉറപ്പിച്ചിരുന്നതാണ്. തോല്‍ക്കേണ്ടി വന്നാല്‍ ഉടനടി മേയറുടെ രാജി ആവശ്യപ്പെടാനായിരുന്നു നേതൃതലത്തിലെ തീരുമാനം എന്നാണറിയുന്നത്.
നാലായിരത്തില്‍ താഴെ വോട്ടുകള്‍ ലഭിച്ച് വിജയിച്ചാല്‍ ഒരു മാസത്തിനകം മേയറോട് സ്ഥാനത്തുനിന്ന് ഒഴിയാന്‍ നിര്‍ദേശിക്കുന്നതിനും മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചാല്‍ മേയറെ മാറ്റുന്നത് പിന്നീട് പരിഗണിക്കാം എന്ന മട്ടിലുമായിരുന്നു ആലോചനകള്‍. എന്നാല്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലാത്ത സാഹചര്യത്തില്‍ മേയര്‍ക്ക് ഒരു മാസത്തിനുള്ളില്‍ സ്ഥാനം ഒഴിയേണ്ടി വരും എന്നാണ് കരുതുന്നത്. മുന്‍ ധാരണപ്രകാരം മേയര്‍ ഒഴിയുന്നു എന്ന സാഹചര്യമുണ്ടാക്കുന്നതിനും അവസരം നല്‍കും.
0 Comments