'ക്യാര്‍' ചുഴലിക്കാറ്റ് രൂപപ്പെട്ടു; കാസര്‍കോട് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

'ക്യാര്‍' ചുഴലിക്കാറ്റ് രൂപപ്പെട്ടു; കാസര്‍കോട് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത




തിരുവനന്തപുരം: അറബിക്കടലില്‍ ഇന്നു രാവിലെയോടെ 'ക്യാര്‍' ചുഴലിക്കാറ്റ് രൂപപെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കര്‍ണാടകയിലെ രത്നഗിരിക് 240 കിലോമീറ്ററും മുബൈയില്‍ നിന്നും 380 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ക്യാര്‍ ചുഴലിക്കാറ്റ് ഇപ്പോള്‍ ഇന്ത്യന്‍ തീരത്തെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെങ്കിലും വൈകാതെ ദിശ മാറി അടുത്ത 5 ദിവസത്തിനുള്ളില്‍ ഒമാന്‍ തീരത്തെ ലക്ഷ്യമാക്കി അതിതീവ്ര ചുഴലിക്കാറ്റായി നീങ്ങാനാണ് സാധ്യത.

മ്യാന്‍മര്‍ ആണ് ഇത്തവണ ചുഴലിക്കാറ്റിന് പേര് നല്‍കിയിരിക്കുന്നത്. 2019ലെ അഞ്ചാമത്തെ ചുഴലിക്കാറ്റാണ് 'ക്യാര്‍'. ഇതില്‍ മൂന്നും അറബിക്കടലിലാണ് ഉണ്ടായത് എന്നത് പ്രത്യേകതയാണ്. ഈ വര്‍ഷം ഉണ്ടായ പബുക്, ഫോനി, വായു, ഹികാ ചുഴലിക്കാറ്റുകള്‍ക്ക് ശേഷമാണു ക്യാര്‍. ചുഴലിക്കാറ്റ് ഭീഷണിയെത്തുടര്‍ന്നു കര്‍ണാടക തീരം മുതല്‍ ഗുജറാത്ത് തീരം വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ നേരിട്ട് ബാധിക്കില്ല. കാസര്‍കോട് ജില്ലയില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

Post a Comment

0 Comments