ഒരു കിലോ പ്ലാസ്റ്റിക് മാലിന്യം നല്‍കിയാല്‍ ഒരു കിലോ അരി; തെലങ്കാനയില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ വേറിട്ട പദ്ധതി

ഒരു കിലോ പ്ലാസ്റ്റിക് മാലിന്യം നല്‍കിയാല്‍ ഒരു കിലോ അരി; തെലങ്കാനയില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ വേറിട്ട പദ്ധതി



പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ വേറിട്ട പദ്ധതിയുമായി തെലങ്കാന മുളുഗു ജില്ലാ പഞ്ചായത്ത്. ഇതിന്റെ ആദ്യഘട്ടമായി മുളുഗു ജില്ലയില്‍ ഒരു കിലോ പ്ലാസ്റ്റിക്കിന് ഒരു കിലോ അരി എന്ന പദ്ധതി ആരംഭിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണിത്‌. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് സംസ്ഥാനത്ത് നിരോധിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞിരുന്നു.

തെലങ്കാനയില്‍ പുതുതായി രൂപംകൊണ്ട ജില്ലയാണ് മുളുഗു. ഒക്ടോബര്‍ 16ന് ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ 33,200 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു. 174 ഗ്രാമപഞ്ചായത്തുകളാണ് മുളുഗുവിലുള്ളത്. എല്ലാ ഗ്രാമപഞ്ചായത്ത് ഓഫീസിലും ഓരോ പ്ലാസ്റ്റിക് കളക്ഷന്‍ പോയിന്റ് സ്ഥാപിക്കും.

പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മുന്തിയ ഇനം അരി തന്നെയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സ്‌കൂളുകളില്‍ നടത്തിയ ഒരു മത്സരത്തില്‍ നിന്നാണ് ഈ പദ്ധതി വന്നതെന്ന് ജില്ലാ കളക്ടര്‍ പറയുന്നു. ''ജകാറാം ഗ്രാമത്തില്‍ സ്‌കുളുകള്‍ക്കായി ഞങ്ങള്‍ ഒരു മത്സരം സംഘടിപ്പിച്ചു. 1,000 കിലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുകയാണെങ്കില്‍ ഒരു ക്രിക്കറ്റ് കിറ്റ് നല്‍കാമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്തു. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. പ്രോത്സാഹനം നല്‍കിയാല്‍ ആളുകള്‍ പദ്ധതിയില്‍ പങ്കാളികളാകുമെന്ന് അന്ന് മനസിലായി.'' 

Post a Comment

0 Comments