അറുപതാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പൊതുവേദിയായ ആലാമിപ്പള്ളിയിലെ സാംസ്‌കാരിക നഗരിയില്‍ നന്മയുടെ പാട്ടുകള്‍ ആലപിച്ച് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും. രണ്ടു പേരും ബാല്യകാല സുഹൃത്തുക്കള്‍. ലഹരിക്കും മതസ്പര്‍ധയ്ക്കുമെതിരെ ശക്തമായി സംസാരിച്ച കൈതപ്രം മതത്തിന്റെ പേരിലുള്ള ചേരിതിരിവുകള്‍, അയിത്തം തുടങ്ങിയവയെല്ലാം വ്യര്‍ത്ഥമാണെന്നറിയിക്കാന്‍ തുളുനാട്ടിലെ പൊട്ടന്‍ തെയ്യത്തിന്റെ തോറ്റംപാട്ട് ചൊല്ലി. കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ട് നിസ്‌ക്കരിച്ചാലും എന്ന ഗാനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മധുരമായി പാടി 'കളി വീടുറങ്ങിയല്ലോ'
എന്ന ഗാനവും മന്ത്രി ആലപിച്ചു. കാസര്‍കോട് നടക്കുന്ന കലോത്സവത്തില്‍ പ്രകടമാക്കുന്ന ജനങ്ങളുടെ ഉത്സാഹം ഉത്തര കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ഉദ്ഘാടനം ചെയ്ത കൈതപ്രം പറഞ്ഞു. എഴുത്തുകാരന്‍ ഇ.പി. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജീവിതത്തിന്റെ ശുദ്ധമായ ഇടങ്ങളില്‍ മാത്രമല്ല സമസ്ത തലങ്ങളിലും പ്രകടമാകുന്നതാണ് സംസ്‌കാരമെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, ഡോ.ഗിരീഷ് ചോലയില്‍ എന്നിവര്‍ സംസാരിച്ചു. തച്ചങ്ങാട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച ബൃഹദ് ഒപ്പന നൂറു കണക്കിന് കലാ സ്നേഹികള്‍ക്ക് ഹൃദ്യമായ അനുഭവമായി.
0 Comments