വെള്ളിയാഴ്‌ച, ജൂലൈ 10, 2026


കൊച്ചിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു. ഉദുമ മൈലാട്ടി ബാര ബട്ട്യംകോട്ട് വീട്ടില്‍ സി.എന്‍. നാരായണന്‍ നായരുടെ മകന്‍ സുനില്‍കുമാര്‍ വള്ളിയോടനാണ്(47) മരിച്ചത്. വ്യാഴാഴ്ച രാത്രി കച്ചേരിപ്പടി ജംഗ്ഷനും-നോര്‍ത്ത് മേല്‍പ്പാലത്തിനുമിടെ ബാങ്ക് ഒഫ് ബറോഡയ്ക്ക് മുന്നിലായിരുന്നു അപകടം. തിരക്കേറിയ റോഡില്‍ അമിതവേഗതയിലെത്തിയ ബസ് ബൈക്കിലിടിക്കുകയായിരുന്നു. ബസിനടിയിലേക്ക് വീണ സുനില്‍കുമാറിന്റെ തലയില്‍കൂടി ടയറുകള്‍ കയറിയിറങ്ങി. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു. സുനില്‍കുമാര്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപന ജീവനക്കാരനാണ്. എറണാകുളം കവിത തിയറ്ററിന് മീപം ലോഡ്ജിലായിരുന്നു താമസം. ഒരു മാസം മുമ്പാണ് കൊച്ചിയില്‍ ജോലിക്കെത്തിയത്. മൃതദേഹം എറണാകുളം ലിസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് വീട്ടിലെത്തിക്കും. രേഷ്മയാണ് ഭാര്യ.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ