LATEST UPDATES

6/recent/ticker-posts

വിദേശ ടൂറിസ്റ്റുകളുടെ വരവിൽ കാസർകോടിന് വൻ മുന്നേറ്റം; സംസ്ഥാനത്ത് ജില്ലയ്ക്ക് രണ്ടാംസ്ഥാനം


കാസർകോട്:  ഈ വർഷം ജില്ലയിലേക്കെത്തിയ വിദേശ ടൂറിസ്റ്റുകളുടെ വരവിൽ വൻ വർധന. സംസ്ഥാന ടൂറിസം വകുപ്പിന്റെ കണക്കുകൾ പ്രകാരം നടപ്പ് വർഷം സെപ്തംബർ വരെ ജില്ലയിലെത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം മുൻ വർഷത്തെക്കാൾ 58% വർദ്ധിച്ചു. വളർച്ചയിൽ  കാസർഗോഡ് ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടി.  ടൂറിസം മേഖലയിൽ പിന്നോക്കം നിന്നിരുന്ന ജില്ലയുടെ കുതിപ്പ് കഴിഞ്ഞ വർഷം തൊട്ടാണ് ആരംഭിച്ചത്. കഴിഞ്ഞ വർഷം (2017-18ൽ) ടൂറിസം വകുപ്പിന് കീഴിലുള്ള ബി.ആർ.ഡി.സി. ആവിഷ്കരിച്ച് നടപ്പിലാക്കിയ 'സ്മൈൽ' (സ്മാൾ ആൻറ് മീഡിയം ഇൻഡസ്ട്രീസ് ലെവറേജിംഗ് എക്സ്പീരിയൻഷ്യൽ ടൂറിസം) പദ്ധതി ജില്ലയിലെ ടൂറിസം വികസന മേഖലയിൽ മികച്ച സംഭാവനയാണ് നൽകി വരുന്നത്. ചെറുകിട-ഇടത്തരം സംരംഭങ്ങളെ വിന്യസിപ്പിച്ച് താമസസൌകര്യം ഒരുക്കുകയും അനുഭവവേദ്യ ടൂറിസ (experiential tourism) ത്തിന് ഊന്നൽ നൽകുകയും ചെയ്യുന്ന നവീന വികസന മോഡൽ ആണ് സ്മൈൽ മുന്നോട്ട് വെച്ചത്. വലിയ ഹോട്ടലുകളിലെയും ലോഡ്ജുകളിലെയും താമസ സൗകര്യങ്ങളിൽ നിന്നും മാറി നിന്നുകൊണ്ട് അനുഭവവേദ്യ ടൂറിസം ആധാരമാക്കി പ്രവർത്തിക്കുന്ന സ്മൈൽ സംരംഭകരൊരുക്കുന്ന ഗൃഹാന്തരീക്ഷവും നാടൻ ഭക്ഷണവുമൊക്കെ ടൂറിസ്റ്റുകളെ ജില്ലയിലേക്ക് വരാൻ ആകർഷകമാക്കുന്നു. കോട്ടകളും, കൊത്തളങ്ങളും തുടങ്ങി ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെയും മറ്റും  'കഥ പറച്ചിലും' (story telling) വിവരണങ്ങളും സ്മൈൽ പരിശീലനത്തിലൂടെയുള്ള പ്രവർത്തനങ്ങളിലൂടെ  ടൂറിസ്റ്റുകൾക്ക് ലഭ്യമാകുന്നുണ്ട്. തെയ്യം ഉൾപ്പെടെ വിദേശികൾക്ക് ആവശ്യമായ പഠന ഗവേഷണ മേഖലകളിലേക്കും വിവിധ കേന്ദ്രങ്ങളിലേക്കും സഞ്ചാരികളെ എത്തിക്കുന്നതിന്  ജില്ലയിൽ വ്യത്യസ്ത പദ്ധതികളും ഒരുക്കിട്ടുണ്ട്. ആയുർവ്വേദവും കളരിയും  യോഗയുമൊക്കെ അധിഷ്ഠിതമായി വിവിധ ടൂറിസം പാക്കേജുകളും നടപ്പിലാക്കി വരുന്നു.

ഈ വർഷം സെപ്റ്റം. വരെ സംസ്ഥാനത്തിന്റെ മൊത്തം വളർച്ച നിരക്ക് 5% ആണെന്നിരിക്കെ 58% വളർച്ചയോടെ മികച്ച മുന്നേറ്റമാണ് കാസർഗോഡ് ജില്ല കരസ്ഥമാക്കിയിരിക്കുന്നത്. 63 ശതമാനം വർധനവ് നേടിയ ഇടുക്കി ജില്ലയ്ക്കാണ് ഒന്നാം സ്ഥാനം. പുതിയ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിച്ച 
കണ്ണൂർ ജില്ലയിൽ 28% ആണ് വളർച്ച.  2018 സെപ്റ്റംബർ വരെ 2633 വിദേശ ടൂറിസ്റ്റുകൾ എത്തിയ സ്ഥാനത്ത് 2019 ൽ 4157 പേരാണ് കാസർഗോഡ് ജില്ലയിൽ എത്തിയത്.


കാസർഗോഡ് ടൂറിസം: പ്രധാന നാഴികക്കല്ലുകൾ

1992 ലാണ് ബേക്കൽ ടൂറിസം സ്പെഷൽ സോൺ ആയി കേന്ദ്ര സർക്കാർ പ്രഖ്യാപനം നടത്തിയത്. 1995ൽ സംസ്ഥാന സർക്കാരിന് കീഴിൽ ബേക്കൽ റിസോർട്ട്സ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ ബ്രിആർഡിസി) നിലവിൽ വന്നു. 2010 -11 വർഷങ്ങളിൽ  താജ്, ലളിത് നക്ഷത്ര റിസോർട്ടുകൾ പ്രവർത്തനം ആരംഭിച്ചു. ഈ കാലയളവിൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ആദ്യമായി 2000 കടന്നു. 2011 മുതൽ 2015 വരെ യഥാക്രമം 2040, 2071, 2344, 2535, 2973 എന്നിങ്ങനെ വളർച്ച കാണിച്ചുവെങ്കിലും  3000 എത്തും മുമ്പ് തന്നെ താഴോട്ട് പതിക്കാൻ തുടങ്ങി. 2016 ൽ 1823 ഉം 2015ൽ 1115 ഉം ആയിരുന്നു ജില്ലയിലെത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം. എന്നാൽ 2018ൽ നാലു മടങ്ങോളം വർദ്ധനവോടെ, 4122ലേക്ക് കുതിച്ചു ചാട്ടം തന്നെ നടത്തി. 2019ൽ സെപ്റ്റം. മാസത്തോടെ തന്നെ കഴിഞ്ഞ വർഷത്തെ എണ്ണം മറികടന്നു കഴിഞ്ഞു.  2017-18 കാലത്താണ് ബിആർഡിസി യുടെ സ്മൈൽ (സ്മാൾ ആൻറ് മീഡിയം ഇൻഡസ്ട്രീസ് ലെവറേജിംഗ് എക്സ്പീരിയൻഷ്യൽ ടൂറിസം) പദ്ധതി നടപ്പിലാക്കിയത്.


'സ്മൈൽ' - അടിസ്ഥാന സൌകര്യ വികസന രംഗത്ത് ശ്രദ്ധേയ നേട്ടം

ടൂറിസം അടിസ്ഥാന സൌകര്യ മേഖലയിൽ ശ്രദ്ധേയമായ പുരോഗതിയാണ് സ്മൈൽ പദ്ധതിയിലൂടെ ജില്ല കൈവരിച്ചത്.
പ്രതിദിനം 200 ലധികം ടൂറിസ്റ്റുകൾക്ക് താമസിക്കാനുള്ള ഇടത്തരം -ബഡ്ജറ്റ് റൂമുകളാണ് വിവിധ സ്മൈൽ സംരംഭങ്ങളിലൂടെ ജില്ലയിൽ ഉണ്ടായിട്ടുള്ളത്. അടിസ്ഥാന സൌകര്യ വികസനത്തോടൊപ്പം  സംരംഭകത്വ വികസനവും തൊഴിലവസര സൃഷ്ടിയുമൊക്കെ സാധ്യമാകുന്ന വിവിധോദ്ദേശ്യ പദ്ധതിയാണ് സ്മൈൽ.  ചുരുങ്ങിയ കാലം കൊണ്ട് തന്നെ സംസ്ഥാനത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതാണ് ബേക്കൽ റിസോർട്സ് ഡവലപ്പ്മെൻറ് കോർപ്റേഷൻ (ബിആർഡിസി) നടപ്പിലാക്കിയ പദ്ധതി. 57 സംരംഭകർ നടത്തുന്ന 27 സംരംഭങ്ങളാണ് ഇപ്പോൾ ജില്ലയിൽ ഉള്ളത്. പൊതു അടിസ്ഥാന സൌകര്യവും ടൂറിസം അടിസ്ഥാന സൌകര്യവും വ്യത്യസ്തമാണെന്നും, ടൂറിസം അടിസ്ഥാന സൌകര്യ വികസനത്തിലെ മുൻഗണന താമസസൌകര്യങ്ങൾക്കാണെന്നും ബിആർഡിസി അധികൃതർ പറഞ്ഞു. ടൂറിസം വികസനം യാഥാർത്ഥ്യമാകുന്നത് ടൂറിസം കേന്ദ്രത്തിലേക്ക് ആൾക്കാരെത്തി താമസിക്കുമ്പോഴാണ്. ആകർഷക ഘടകങ്ങൾ ഉണ്ടായാലും താമസസൌകര്യമില്ലെങ്കിൽ ടൂറിസ്റ്റുകൾ എത്തില്ല. ജില്ലയിൽ കൂടുതൽ സംരംഭകരും നിക്ഷേപകരും മുന്നോട്ട് വരേണ്ടതുണ്ട്. സന്ദർശകരും (visitors) വിനോദ സഞ്ചാരികളും (tourists) വ്യത്യസ്തമാണെന്നും അവർ കൂട്ടിച്ചേർത്തു..

Post a Comment

0 Comments