മംഗളൂരു: കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ മംഗളൂരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പൊലിസ് വെടിവയ്പ്പ്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ അന്തരീക്ഷത്തിലേക്ക് പൊലിസുകാര്‍ വെടിവയ്ക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. മൂന്ന് പേര്‍ക്ക് വെടിയേറ്റതായും ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
പ്രതിഷേധം നിയന്ത്രിക്കാന്‍ കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ ആളുകള്‍ തെരുവിലിറങ്ങിയതോടെയാണ് പൊലിസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു നീങ്ങിയത്.
മംഗളൂരുവില്‍ അഞ്ച് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളഇയാഴ്ച അര്‍ധരാത്രി വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
നാലു പൊലിസുകാര്‍ തോക്ക് ചൂണ്ടുന്നതും പിന്നാലെ വെടിവയ്ക്കുന്നതും ദൃശ്യത്തില്‍ കാണാം. ദൂരത്ത് നിന്ന് ജനങ്ങള്‍ ഇതു നോക്കിനില്‍ക്കുന്നതും ദൃശ്യത്തിലുണ്ട്.
അതേസമയം, കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധക്കാരും പൊലിസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഹുബ്ബള്ളി, കല്‍ബുര്‍ഗി, ഹാസന്‍, മൈസൂരു, ബെല്ലാരി, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി നൂറുകണക്കിന് പേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പൊലിസ് വലിച്ചുകൊണ്ടുപോവുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ബംഗളൂരു നഗരത്തില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രവുമേന്തി എത്തിയതായിരുന്നു അദ്ദേഹം. എന്‍.ഡി.ടി.വിയുമായി സംസാരിക്കുന്നതിനിടെ പൊലിസ് ബലം പ്രയോഗിച്ച് വലിച്ചുകൊണ്ടുപോവുകയായിരുന്നു.
0 Comments