കാട്ടിനുള്ളിൽ കളിക്കളം: വെട്ടിലായി വനംവകുപ്പ്

കാട്ടിനുള്ളിൽ കളിക്കളം: വെട്ടിലായി വനംവകുപ്പ്



ഇടുക്കി പെരിയാർ വന്യജീവി സങ്കേതത്തില്‍ സകല  പരിസ്ഥിതി നിയമങ്ങളും കാറ്റിൽ പറത്തി വനം വകുപ്പിന്റെ ഫുട്‌ബോൾ ഗ്രൗണ്ട് നിർമാണം. അതീവ പ്രാധാന്യമുള്ള  കടുവ സംരക്ഷിത പ്രദേശത്ത്  ഒരു ഹെക്റ്ററിലധികം ഭൂമി ഇടിച്ചു നിരത്തിയാണ് മൈതാനം പണിതത്. കർശന പ്രവേശന വിലക്കുള്ള കാട്ടിനുള്ളിൽ ഫുട്‌ബോൾ ടൂർണമെന്റും നടത്തി വനംവകുപ്പ്.

ഇന്ത്യയിലെ 27 കടുവാ സംരക്ഷിത പ്രദേശങ്ങളിൽ ഒന്നായ പെരിയാറിലെ  വനത്തിനുള്ളിലാണ്  ഫുട്‌ബോൾ മൈതാനം. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഒരു ഹെക്റ്റർ ഭൂമി ഇടിച്ചു നിരത്തി മൈതാനം നിർമിച്ചത് വനംവകുപ്പ് തന്നെ. പുറത്തു നിന്നുള്ളവർക്ക് കർശന പ്രവേശന വിലക്കുള്ള കാട്ടിനുള്ളിൽ  ഗ്രൗണ്ടിന്റെ ഉദ്ഘാടനത്തിനൊപ്പം ഫുട്ബോള്‍ ടൂർണമെന്‍റും  നടന്നു. 

വനത്തിനുള്ളിലെ ഏതു  നിർമ്മാണത്തിനും  കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും സംസ്ഥാന വനം വകുപ്പിന്റെയും അനുമതി വേണമെന്നാണ് ചട്ടം. എന്നാൽ വഞ്ചി വയൽ ആദിവാസി ഊരിനോട് ചേർന്ന ഈ  ഫുട്ബോൾ ഗ്രൗണ്ട് നിർമ്മാണത്തിന് അധികൃതർ ഒരു  മുൻകൂർ അനുമതിയും തേടിയില്ല.  വന്യജീവി സംരക്ഷണ നിയമത്തിന്റെയും വന സംരക്ഷണ നിയമത്തിന്റെയും നഗ്നമായ ലംഘനമാണ് നടന്നത്. എന്നാൽ മൈതാനം പുതിയ നിർമ്മിതിയല്ലെന്നാണ് വനം വകുപ്പിന്റെ വാദം.  കാട്ടിനുള്ളിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിക്കുന്നത് ചട്ടലംഘനമല്ലെന്നും ഈസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ ശിൽപ വി കുമാർ പറഞ്ഞു.

15 ലക്ഷത്തിലധികം രൂപ ചിലവിട്ടാണ്  മൈതാനം നിർമിച്ചത്. വിവാദമുയർന്നതാേടെ വകുപ്പിൽ നിന്നും പണം പിൻവലിയ്ക്കാൻ അനുമതിയും ലഭിച്ചിട്ടില്ല. ആദിവാസി ക്ഷേമപ്രവർത്തനങ്ങൾക്കായുള്ള എക്കോ ഡവലപ്മെന്റ് കമ്മിറ്റിയിൽ നിന്നും പണം പിൻ വലിപ്പിയ്ക്കാനാണ് നീക്കം നടക്കുന്നത്. 

Post a Comment

0 Comments