
കാഞ്ഞങ്ങാട്: പടന്നക്കാട്ടെ നെഹ്‌റുകോളജില്‍ എസ് എഫ് ഐ- കെ എസ് യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ചൊവ്വാഴ്ച വൈകിട്ടാണ് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത്. കെ എസ് യു പ്രവര്‍ത്തകരുടെ വയം നെഹ്‌റു സാംസ്‌കാരികവേദിയുടെ ഉദ്ഘാടന പരിപാടിയും കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തില്‍ വിജയിച്ചവര്‍ക്കായുള്ള എസ് എഫ് ഐയുടെ അനുമോദന പരിപാടിയും ഒരേ സമയം വവന്നതാണ് സംഘര്‍ഷത്തിന് കളമൊരുക്കിയത്. പരിപാടി നടത്താന്‍ തുറന്ന ഓഡിറ്റോറിയമാണ് കെ എസ് യു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മിനിഹാളാണ് പ്രിന്‍സിപ്പല്‍ അനുവദിച്ചത്. ഇതിനിടെയാണ് എസ് എഫ് ഐയുടെ പരിപാടിയും സംഘടിപ്പിച്ചത്. എസ് എഫ് ഐ- കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ നേരത്തെ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഒരേ സമയം പരിപാടി നടത്തുന്നതിന്റെ പേരില്‍ വീണ്ടും സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ഥികളുടെ പാട്ടു കൂട്ടംപരിപാടി നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ പൗരത്വനിയമത്തിനെതിരായ കലാപരിപാടിക്ക് അനുമതി നല്‍കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ലെന്നാണ് കെ എസ് യു പ്രവര്‍ത്തകരുടെ ആരോപണം. പ്രിന്‍സിപ്പലും കെ എസ് യു പ്രവര്‍ത്തകരും ഇതേ ചൊല്ലി വാക്ക് തര്‍ക്കമുണ്ടായതോടെ വിവരമറിഞ്ഞ് പോലീസും സ്ഥലത്തെയിരുന്നു. ഇതോടെ പ്രിന്‍സിപ്പല്‍ കോളേജിന് അവധി നല്‍കി. ഈ സാഹചര്യത്തില്‍ കെ എസ് യു പ്രവര്‍ത്തകര്‍ കോളജിന് എതിര്‍വശത്തുള്ള മുന്‍ കേന്ദ്രസര്‍വ്വകലാശാല പ്രവര്‍ത്തിച്ച കെട്ടിടത്തിലാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്. അതിനിടെ പ്രിന്‍സിപ്പലിനോട് മോശമായി പെരുമാറിയെന്നാരോപിച്ച് കെ എസ് യു പ്രവര്‍ത്തകയും കോളജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണുമായ എസ് ആതിരയെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ പ്രിന്‍സിപ്പലിനോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് ആതിര പറയുന്നത്. പരിപാടിക്കുള്ള അനുമതി പത്രം രേഖാമൂലം തരാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നല്‍കാന്‍ തയ്യാറായില്ലെന്ന് ആതിര വ്യക്തമാക്കി.
0 Comments