
മംഗളൂരു: ജോലി നിഷേധിച്ചതിന് പ്രതികാരമായാണ് വിമാനത്താവളത്തിൽ ബോംബ് വച്ചതെന്ന് ബംഗളൂരുവിൽ കീഴടങ്ങിയ പ്രതി ആദിത്യ റാവു. ഇന്ന് രാവിലെയാണ് കർണാടക പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെത്തി റാവു കീഴടങ്ങിയത്.
മണിപ്പാൽ സ്വദേശിയായ ഇയാൾ എഞ്ചിനിയറിംഗ്-എംബിഎ ബിരുദധാരിയാണ്. വിമാന താവളത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലിക്ക് അപേക്ഷിച്ചിരുന്നെങ്കിലും ചില രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് ജോലി നിഷേധിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് വിമാനത്താവളത്തിൽ ബോംബ് വെച്ചതെന്നാണ് ആദിത്യ റാവു മൊഴി നൽകിയിരിക്കുന്നത്.
യൂട്യൂബ് നോക്കിയാണ് ബോംബ് ഉണ്ടാക്കാൻ പഠിച്ചതെന്നും ഇതിനായി ഒരു വർഷം സമയമെടുത്തുവെന്നും പോലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായി. നേരത്തെ ലഗേജ് കൊണ്ടുപോകാൻ വിസമ്മതിച്ചതിന് ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഇയാൾ വ്യാജസന്ദേശം നൽകിയിരിന്നു. ഇതിന്റെ പേരിൽ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ലാപ്ടോപുകള്‍ മോഷ്ടിച്ച കുറ്റത്തിന് മൂന്നുമാസം തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
2012 ബെംഗളൂരുവിൽ ഒരു സ്വകാര്യ ബാങ്കിൽ ആദിത്യക്ക് ജോലി കിട്ടിയിരുന്നു. എന്നാൽ രാജിവച്ച് മംഗളൂരുവിലേക്ക് മടങ്ങി. ആറുമാസം സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തു. 2012 ൽ ഉഡുപ്പിയിലെ പുത്തിഗെ മഠത്തിൽ പാചകക്കാരനായും ജോലി ചെയ്തു. പിന്നീട് ജോലി ഉപേക്ഷിച്ച് എയർപോർട്ടിൽ സെക്യൂരിറ്റി സ്റ്റാഫ് ആകാൻ ശ്രമിച്ചുവെന്നാണ് പറയപ്പെടുന്നത്.
0 Comments