കാഞ്ഞങ്ങാട്ട് ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു

കാഞ്ഞങ്ങാട്ട് ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു


കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വുഹാനില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാമെന്ന് അധികൃതര്‍ അറിയിച്ചു.  ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. 

ഞായറാഴ്ച വരെ 104 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം മൂന്നായി.

അതേസമയം വൈറസിനെ നേരിടാന്‍ കേരളം സജ്ജമാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ കോളേജുകള്‍ അടക്കം ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ചൈനയില്‍ നിന്ന് എത്തുന്നവരെ നിരീക്ഷിക്കാനും ബോവത്കരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കാനും ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്.

നേരത്തെ കൊച്ചിയില്‍ ഒരു ചൈനീസ് യുവതി നിരീക്ഷണത്തിലാണെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇവരില്‍ വൈറസ് കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും പുറത്ത് പോകരുത് എന്നാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Post a Comment

0 Comments