അനുഭവിച്ച ക്രൂരതയുടെ ദൃശ്യങ്ങൾ വനിതാ ജഡ്ജിയുടെ സാന്നിധ്യത്തിൽ നടി കണ്ടു
Monday, February 03, 2020
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവുകളിൽ ഒന്നായ എസ്.യു.വി.യും ടെമ്പോ ട്രാവലറും ഇന്ന് സി.ബി.ഐ.പ്രത്യേക കോടതിയിൽ ഹാജരാക്കി. സംഭവത്തിന് ശേഷം മൂന്ന് വർഷമായി ആലുവ ട്രാഫിക് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ടെമ്പോ ട്രാവലർ ഇന്നലെ അർദ്ധരാത്രിയോടെ കെട്ടി വലിച്ചാണ് കോടതി പരിസരത്ത് എത്തിച്ചത്.
നടി സഞ്ചരിച്ചിരുന്ന എസ്.യു.വിയും ഇന്ന് പരിശോധനയ്ക്കായി എത്തിച്ചിരുന്നു. നടി നേരിട്ട് എത്തി ഈ വാഹനങ്ങൾ തിരിച്ചറിഞ്ഞു. എസ് യു വിയുടെ പിൻസീറ്റിൽ താൻ ഇരുന്നിരുന്നത് എവിടെയായിരുന്നുവെന്ന് നടി കോടതിക്ക് കാണിച്ചു കൊടുത്തു. അഭിഭാഷകരുടെയും പ്രതികളുടെയും സാന്നിധ്യത്തിലായിരുന്നു നടി വാഹനങ്ങൾ തിരിച്ചറിഞ്ഞത്.
ആക്രമണസമയത്ത് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ വനിതാ ജഡ്ജിയുടെ സാന്നിധ്യത്തിൽ നടി കണ്ടു. അതിനുശേഷം ക്രോസ് വിസ്താരവും ആരംഭിച്ചു. കേസിലെ പ്രതികളെ മറ്റൊരു ദിവസമായിരിക്കും ദൃശ്യങ്ങൾ കാണിക്കുക. KL39, F5744 മഹീന്ദ്ര XUV യിൽ ആയിരുന്നു നടി സഞ്ചരിച്ചിരുന്നത്. സംവിധായകനും നടനുമായ ലാലിന്‍റെ മരുമകൾ ബ്ലസി സൂസൻ വർഗീസിന്‍റെ പേരിലുള്ളതാണ് ഈ വാഹനം.
തൃശൂരിലെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്ന് നടിക്ക് കൊച്ചിയിൽ എത്താനായി ലാൽ അയച്ചു കൊടുത്തതായിരുന്നു വാഹനം. ഇതിന്‍റെ പിന്നാലെ വന്ന KL 60, A9338 ടെമ്പോ ട്രാവൽ അത്താണിയിൽ വെച്ച് എസ്.യു.വിയിൽ തട്ടി. ഇതിനെ തുടർന്ന്, നിർത്തിയ വണ്ടിയിലേക്ക് ടെമ്പോ ട്രാവലറിൽ നിന്നും പൾസർ സുനി അടക്കമുള്ളവർ കയറി. നടിയെ ടെമ്പോ ട്രാവലിലേക്ക് മാറ്റിക്കയറ്റാനുള്ള അക്രമികളുടെ ശ്രമം പരാജയപ്പെട്ടു.
0 Comments