മുക്കൂട് : പാട്ടും, കഥയും ആംഗ്യപ്പാട്ടും, ഇംഗ്ലീഷ് പ്രസംഗവും ഒക്കെയായി ഒറ്റയ്ക്കും സംഘമായും കുഞ്ഞുമക്കൾ വേദിയിൽ നിറഞ്ഞാടിയപ്പോൾ രക്ഷിതാക്കൾക്ക് അഭിമാനവും സന്തോഷവും.
മുക്കൂട് സ്കൂളിൽ വിദ്യാലയവികസനസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രീസ്കൂൾ കലോത്സവ വേദിയിലായിരുന്നു കുരുന്നുകളുടെ പ്രകടനം. സമീപത്തുള്ള മൂന്ന് അങ്കണവാടികളിൽ നിന്നും സ്കൂളിലെ പ്രീ പ്രൈമറിയിൽ നിന്നുമായി അമ്പതോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.മത്സരാടിസ്ഥാനത്തിൽ വിജയികളെ നിശ്ചയിക്കാതെ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി.
കുട്ടികളുടെ പ്രകടനത്തിനു ശേഷം പ്രമുഖ നാടൻ പാട്ടുകലാകാരനും അധ്യാപകനുമായ ഷൈജു ബിരിക്കുളം പാട്ടും കഥയുമായി വേദിയിലെത്തിയപ്പോൾ കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും അത് ആസ്വാദ്യകരമായ അനുഭവമായി മാറി.
അടുത്ത വർഷം മുക്കൂട് 'സ്കൂളിലെ ഒന്നാം ക്ലാസ്സിൽ 35 ഉം പ്രീ പ്രൈമറിയിൽ 25 ഉം കുട്ടികൾ ഉണ്ടാകും എന്ന പ്രഖ്യാപനത്തോടെയാണ് കുരുന്നുകളുടെ കലോത്സവത്തിന് തിരശ്ശീല വീണത്.
അജാനൂർഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരൻ പരിപാടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.എ ശകുന്തള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കരുണാകരൻ കുന്നത്ത്,
മുൻപഞ്ചായത്ത് മെമ്പർ ഒ.കൃഷ്ണൻ, എസ്.എം.സി ചെയർമാൻ പ്രീത സുരേഷ്, പി.ടി.എ പ്രസി ഡണ്ട് എം.മൂസാൻ, മദർ പി.ടി.പ്രസിഡണ്ട് അംബിക, വികസന സമിതിയംഗം റിയാസ് അമലടുക്കം എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രഥമാധ്യാപകൻ കെ.നാരായണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ധനുഷ് എം.എസ് നന്ദിയും പറഞ്ഞു. പ്രീ പ്രൈമറി ടീച്ചർ രത്നമണി, ഹെൽപ്പർ പ്രീത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
0 Comments