
അഹമ്മദാബാദ്: ഒരു വിദേശ രാഷ്ട്ര തലവൻ രാജ്യത്തെത്തുമ്പോൾ അല്ലറ ചില്ലറ സൗന്ദര്യവത്കരണ ജോലികൾ നടത്തുന്നത് പുതിയ കാര്യമല്ല. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാര്യത്തിൽ ഒരുപടികൂടി കടന്നിരിക്കുകയാണ് ഗുജറാത്ത് ഭരണകൂടം. ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് വിമാനത്താവളം മുതൽ ഗാന്ധിനഗർ വരെയുള്ള ഭാഗത്തെ ചേരികൾ മറയ്ക്കാൻ അരകിലോമീറ്റർ നീളത്തിൽ കൂറ്റൻ മതിൽ നിർമിക്കാനാണ് അഹമ്മദാബാദ് കോർപറേഷൻ തീരുമാനിച്ചത്.
സർദാർ വല്ലഭായി പട്ടേൽ രാജ്യാന്തര വിമാനത്താവളം മുതൽ ഇന്ദിരാ ബ്രിഡ്ജ് വരെയുള്ള റോഡിലെ ഒരു വശത്തായാണ് 6-7 അടി വരെ ഉയരമുള്ള കൂറ്റൻ മതിൽ നിർമിക്കുന്നത്. ഫെബ്രുവരി 24ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റോഡ് ഷോ നടത്തുന്ന ഭാഗത്താണിത്. പുതിയതായി നിർമിച്ച സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയത്തിൽ നടക്കുന്ന കൂറ്റൻ പരിപാടിക്കായി റോഡ് ഷോനടത്തിയാണ് ഇരു നേതാക്കളും എത്തുന്നത്.
ദേവ് സരൺ എന്ന സരണിയാവാസ് എന്ന ചേരി പ്രദേശത്തെ അഞ്ഞൂറോളം കുടിലുകൾ മറച്ചുവെക്കുന്നതിനാണ് മതിൽ നിർമിക്കുന്നത്. മതിൽ നിർമിച്ചശേഷം ഈന്തപ്പനകൾ വെച്ചുപിടിപ്പിക്കാനാണ് ആലോചന. വര്‍ഷങ്ങളായി ടാർ ചെയ്യാതെ കിടന്ന റോഡ് ഇപ്പോൾ ടാർ ചെയ്ത് മനോഹരമാക്കുകയാണ്. 16 റോഡുകൾ ഇതിനോടകം ടാർ ചെയ്തു കഴിഞ്ഞു. പാതയോരങ്ങളിലെല്ലാം അലങ്കാര വിളക്കുകളും സ്ഥാപിച്ചു. സൗന്ദര്യവത്സകരണ പ്രവർത്തനങ്ങൾക്ക് 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതിനെന്ന് ഗുജറാത്തി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
2017ൽ ട്രംപിന്റെ മകൾ ഇവാങ്കയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സമാനമായ സൗന്ദര്യവത്കരണ ജോലികൾ ഹൈദരാബാദിൽ നടന്നിരുന്നു. യാചകരെ തെരുവുകളിൽ നിന്ന് ഒഴിപ്പിച്ചത് അന്നു വാർത്തയായിരുന്നു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഗുജറാത്ത് സന്ദർശന സമയത്തും 2014ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സന്ദർശന വേളയിലും ഇത്തരം പ്രവർത്തികൾ നടന്നിരുന്നു.
ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന തനിക്ക് ഗംഭീര സ്വീകരണം നല്‍കുമെന്നും അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ക്രിക്കറ്റ് സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാന്‍ അമ്പത് മുതല്‍ എഴുപത് ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പ് നല്‍കിയതായും ട്രംപ് പറഞ്ഞിരുന്നു.സ്റ്റേഡിയത്തില്‍ മോദിയും ട്രംപും സംയുക്തമായിട്ടാണ് ജനങ്ങളെ അഭിസംബോധന ചെയ്യുക. ഫെബ്രുവരി 24, 25 തീയതികളിലായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. പ്രസിഡന്റായതിന് ശേഷം ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തില്‍ ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
0 Comments