ഒടുവില്‍ ഷെയ്ന്‍ കീഴടങ്ങി; വെയില്‍, കുര്‍ബാനി നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം 32 ലക്ഷം നല്‍കും
Thursday, March 05, 2020
കൊച്ചി: ഷെയ്ൻ നിഗം പ്രശ്നം ഒത്തുതീർപ്പിലേക്ക്. നഷ്ടപരിഹാരം നൽകാതെ പ്രശ്നം തീരില്ലെന്ന നിർമ്മാതാക്കളുടെ കടുംപിടുത്തത്തിന് മുൻപിൽ താരസംഘടന വഴങ്ങി. വെയിൽ, കുർബാനി സിനിമകൾക്കായി 32 ലക്ഷം നഷ്ടപരിഹാരം നൽകാനാണ് ധാരണ. ഇത് എങ്ങനെ വീതം വയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനിക്കാം.
നേരത്തെ രണ്ട് സിനിമകൾക്കുമായി ഒരു കോടി രൂപ നഷ്ടപരിഹാരം വേണം എന്നായിരുന്നു നിർമ്മാതാക്കൾ ആവശ്യപ്പെട്ടത്. പുതിയ ഫോർമുല അനുസരിച്ച് രണ്ട് സിനിമകളും ഉപേക്ഷിക്കേണ്ടതില്ല. പകരം രണ്ട് സിനിമകളിലും ഷെയ്ൻ തുടർന്ന് അഭിനയിക്കും.
വെയിൽ സിനിമയിൽ ഷെയ്നിന് നൽകാനുള്ള 16 ലക്ഷം രൂപ നൽകേണ്ടതില്ല. മറ്റൊരു 16 ലക്ഷം നഷ്ടപരിഹാരം നൽകും. അമ്മ യോഗത്തിനിടയിൽ മോഹൻലാൽ നിർമ്മാതാക്കളുടെ സംഘടനാ ഭാരവാഹികളെ വിളിച്ച് സംസാരിച്ചു. 32 ലക്ഷം നഷ്ടപരിഹാരം എന്ന ഒത്തുതീർപ്പ് വ്യവസ്ഥയോട് നിർമ്മാതാക്കളും തത്വത്തിൽ സമ്മതിച്ചിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് അസോയിഷൻ്റെ യോഗം ചേർന്ന ശേഷം മാത്രമായിരിക്കും അന്തിമ പ്രഖ്യാപനം ഉണ്ടാകുക.
അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് മുൻപ് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനുമായി ഭാരവാഹികൾ സംസാരിച്ചു. വിട്ടുവീഴ്ച ചെയ്ത് പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ബി. ഉണ്ണികൃഷ്ണനും ആവശ്യപ്പെട്ടു. യോഗത്തിനിടെ ഷെയ്ൻ നിഗത്തെ വിളിച്ചു വരുത്തി മോഹൻലാൽ നിലപാട് അറിയിച്ചു.
0 Comments