കണ്ണൂർ: ശ്രീകണ്ഠാപുരത്ത് ഭർത്താവിനൊപ്പം ചികിത്സ തേടിയെത്തി യുവതിയെ ലൈംഗിക ചുഷണത്തിനിരയാക്കിയ ഇഎൻടി ഡോക്ടർ സമാനമായ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ്. ജോലി ചെയ്ത സ്ഥലങ്ങളിൽ നിന്നെല്ലാം ഇയാൾക്കെതിരെ സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പയ്യാവൂരിൽ ജോലി ചെയ്യുന്ന സമയം വീട്ടിൽ കയറി മറ്റൊരു യുവതിയെ ഉപദ്രിക്കാൻ ശ്രമിച്ചതിന് ഇയാൾ അറസ്റ്റിലായിട്ടുണ്ട് .
ഇതിനിടെ സംഭവത്തിൽ കണ്ണൂരിൽ രാഷ്ട്രീയ വിവാദവും പുകയുന്നുണ്ട്. ഡോക്ടർ ആർഎസ്എസ് പ്രവർത്തകനാണെന്ന ആരോപണവുമായി സിപിഎം രംഗത്തുവന്നതോടെ രാഷ്ട്രിയ ആരോപണ- പ്രത്യാരോപണങ്ങൾ ശക്തമായിട്ടുണ്ട്. ആരോപണ വിധേയനായ വ്യക്തി ആർഎസ്എസുകാരനാണെന്നും ഇയാൾക്ക് ഒളിവിൽ പോകാനുള്ള സഹായങ്ങൾ ആർഎസ്എസ് നൽകിയെന്നും സിപിഎം ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി ആരോപിച്ചു. എന്നാൽ ആരോപണ വിധേയനായ ഡോക്ടർക്ക് സംഘ് പരിവാറുമായി യാതൊരുബന്ധമില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ശിവസേനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് ഇദ്ദേഹമെന്നും ഡോക്ടറെ സംഘ് പരിവാർ സംരക്ഷിച്ചിട്ടില്ലെന്നും രാഷ്ട്രീയ എതിരാളികൾ സംഘ് പരിവാറിന്റെ ചുമലിൽ ആരോപണം കെട്ടി വയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ബിജെപി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർ മുങ്ങിയിരിക്കുകയാണ്. ഇയാൾക്കായി ശ്രീകണ്ഠാപുരം പൊലിസ് തെരച്ചിൽ നടത്തിവരികയാണ്. ശ്രീകണ്ഠാപുരത്ത് എസ്എംസി ക്ലിനിക് നടത്തുന്ന ഡോക്ടർ പ്രശാന്ത് നായിക് ലൈംഗികമായി തന്നെ ഉപദ്രവിച്ചപ്പോൾ നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു എന്ന് യുവതി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് ഡോക്ടറെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി ശ്രീകണ്ഠാപുരം ബസ്റ്റാന്റിന് പിറകിലെ എസ്എംസി ക്ലിനിക്കിൽ എത്തിയത്. 11 മണിക്ക് വന്ന ഇവരോട് ആദ്യം ചെവിയിൽ മരുന്ന് ഒഴിച്ച് കാത്തുനിൽക്കാൻ ആവശ്യപ്പെട്ടു. പിന്നെ ബാക്കിയെല്ലാ രോഗികളും പോയ ശേഷമാണ് പരിശോധയക്ക് കയറ്റിയത്. അറ്റന്റർ ആയ സ്ത്രീ മുറിക്കുള്ളിലേക്ക് പോയപ്പോഴായിരുന്നു കടന്ന് പടിച്ചതെന്ന് യുവതി പറയുന്നു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും തെറ്റുചെയ്തിട്ടില്ലെന്നും ഡോക്ടർ പ്രശാന്ത് നായിക് പറയുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു. യുവതിയും ഭർത്താവും ആശുപത്രിയിൽ ബഹളമുണ്ടാക്കിയെന്നും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് എസ്പിക്ക് പരാതി നൽകുമെന്നുമാണ് ഡോക്ടറുടെ വിശദീകരണം. പ്രശാന്ത് നായ്ക് കുറ്റം ചെയ്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനമെന്നും ഡോക്ടറുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും സിഐ പറഞ്ഞു. 13 കൊല്ലം മുമ്പ് ബംഗളൂരുവിൽ നിന്നും കേരളത്തിലെത്തിയ പ്രശാന്ത് നായിക് പയ്യാവൂർ കോഴിത്തുറ, ചുണ്ടപ്പറമ്പ്, കുറുമാത്തൂർ എന്നിവിടങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കടന്നതിന് പയ്യാവൂരടക്കം കണ്ണൂരിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നാല് ക്രിമിനൽ കേസുകൾ നേരത്തെ ഉണ്ടായിരുന്നു. ഇതിനിടെ പരിശോധനക്കായി ക്ലിനിക്കിലെത്തിയ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ഡോക്ടറെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്രംഗത്തെത്തിയിട്ടുണ്ട്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിനിടെഡോക്ടർ ബംഗളുരുവിലേക്ക് മുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തിലാണ് പോലീസ്.