കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദിയുടെ ചിത്രം നീക്കി ഛത്തീസ്ഗഡ്

കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദിയുടെ ചിത്രം നീക്കി ഛത്തീസ്ഗഡ്

 



കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി ഛത്തീസ്ഗഡ്. പ്രധാനമന്ത്രിക്ക് പകരം മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്‍റെ ചിത്രമാണ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് വാക്സിന്‍ ലഭിക്കാതായതിന് പിന്നാലെയാണ് തീരുമാനം.


18 മുതല്‍ 44 വയസുവരെ പ്രായമുള്ളവരിലെ വാക്സിന്‍ വിതരണത്തിന് സംസ്ഥാന സര്‍ക്കാരണ് പണം ചെലവിടുന്നത്. 45 വയസിന് മുകളിലുള്ളവര്‍ക്കായുള്ള വാക്സിന് വേണ്ടി മാത്രമേ നല്‍കൂവെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതെന്ന് ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ടിഎസ് സിംഗ് ഡിയോ എഎന്‍ഐയോട് വിശദമാക്കി. വാക്സിന്‍ വിതരണത്തില്‍ നിന്ന് കേന്ദ്രം പിന്മാറിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ചിത്രം മാറ്റുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.


സംസ്ഥാന സര്‍ക്കാര്‍ പണം ചെലവിട്ട് ചെയ്യുന്ന വാക്സിന്‍ വിതരണത്തിന് പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കേണ്ടതുണ്ടോ? സംസ്ഥാന സര്‍ക്കാരിന്‍റെ വാക്സിന്‍ വിതരണത്തിന് മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ലെന്നും സിംഗ് ഡിയോ കൂട്ടിച്ചേര്‍ത്തു.45വയസിന് മുകളിലുള്ളവരിലെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രമാകും ഉപയോഗിക്കുകയെന്നും സിംഗ് ഡിയോ വ്യക്തമാക്കി. നേരത്തെ ഝാര്‍ഖണ്ഡും വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കിയിരുന്നു.

Post a Comment

0 Comments