കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്‌ഫോടനം നടന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ സംഘം. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. ഇന്നലെയായിരുന്നു സംഭവം. വീട്ടിൽ ബോംബ് നിർമാണത്തിനിടെയാണ് സ്‌ഫോടനം നടന്നത്.
ബോംബ് പൊട്ടി ബിജുവിന്റെ കൈപ്പത്തി തകർന്നിട്ടുണ്ട്. ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകൾ അറ്റു എന്നും പോലീസ് പറഞ്ഞു. നിലവിൽ ബിജു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. പെരിങ്ങോം പോലീസ് ആണ് കേസ് അന്വേഷണം നടത്തുന്നത്. പെരിങ്ങോം എസ്‌ഐയും സംഘവും കോഴിക്കോട് ആശുപത്രിയിൽ എത്തി ബിജുവിന്റെ മൊഴി എടുത്തു.
വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, രാത്രി നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവം നടന്ന് പോലീസ് എത്തുന്നതിന് മുന്നേ ബിജുവിനെ വീട്ടിൽ നിന്ന് മാറ്റിയിരുന്നു. തുടർന്ന് പെരിങ്ങോം പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
0 Comments