പോലീസ് തെരയുന്നതിനിടെ കള്ളൻ അശോകൻ നാട്ടിലെത്തി ബേക്കറി സാധനങ്ങൾ വാങ്ങി കാട്ടിൽ മറഞ്ഞു

LATEST UPDATES

6/recent/ticker-posts

പോലീസ് തെരയുന്നതിനിടെ കള്ളൻ അശോകൻ നാട്ടിലെത്തി ബേക്കറി സാധനങ്ങൾ വാങ്ങി കാട്ടിൽ മറഞ്ഞു

 കാഞ്ഞങ്ങാട്: കാട്ടിൽ ഒളിവിൽ കഴിയുന്ന മോഷ്ടാവ് കറുകവളപ്പിൽ അശോകന് 30,  വേണ്ടി പോലീസും നാട്ടുകാരും കാടരിച്ച് തപ്പുന്നതിനിടെ അശോകൻ നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലെത്തി ബേക്കറി സാധനങ്ങൾ ചോദിച്ചുവാങ്ങി രക്ഷപ്പെട്ടു. മടിക്കൈ നാന്തംകുഴിയിലെ വിഭിന്നശേഷിയുള്ളയാളുടെ വീട്ടിലെത്തിയാണ് അശോകൻ ബേക്കറി സാധനങ്ങൾ ചോദിച്ചുവാങ്ങിയത്.


തലയിൽ മുണ്ടിട്ട് മറച്ച നിലയിൽ നാന്തംകുഴിയിലെ വീട്ടിലെത്തിയ അശോകൻ വിശക്കുന്നുന്നെന്ന് പറഞ്ഞാണ് വീട്ടിലുണ്ടായിരുന്നയാളോട് മിക്സ്ചറും, റസ്കും ചോദിച്ച് വാങ്ങിയത്. വീട്ടിലെത്തിയത് അശോകനാണെന്ന് സംശയം തോന്നിയ ഇദ്ദേഹം വിവരം പിന്നീട് പരിസരവാസികളെ അറിയിച്ചു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും  അശോകനെ കണ്ടെത്താനായില്ല.


മുന്നൂറോളം വരുന്ന നാട്ടുകാരും,  ഇരുപത് പോലീസ് ഉദ്യോഗസ്ഥരുമടങ്ങുന്ന  സംഘം കഴിഞ്ഞ ദിവസം മടിക്കൈയിലെ കാട്മൂടിക്കിടക്കുന്ന പ്രദേശങ്ങളുടെ മുക്കിലും മൂലയിലും തെരച്ചിൽ നടത്തുന്നതിനിടെയാണ് മോഷ്ടാവ് കറുകവളപ്പിൽ അശോകൻ ഇന്നലെ നാന്തംകുഴിയിൽ പ്രത്യക്ഷപ്പെട്ടത്. അശോകന്റെ കൂട്ടാളി മഞ്ജുനാഥയെ പിടികൂടിയ സംഘത്തിലുൾപ്പെട്ട രണ്ട് പേരോട്  കൂടി പ്രതികാരം തീർക്കാൻ ലക്ഷ്യമിട്ടാണ്, അശോകൻ  ഇപ്പോഴും കാട്ടിനുള്ളിൽ ഒളിച്ച് കഴിയുന്നതെന്ന് സംശയമുണ്ട്.


അശോകൻ തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ്ണം കവർന്ന യുവതിയുടെ ഭർത്താവും,  മഞ്ജുനാഥയെ പിടികൂടാൻ തെരച്ചിൽ നടത്തിയ സംഘത്തിലുണ്ടായിരുന്നതായി  സൂചനയുണ്ട്. ഇതാണ് അശോകന് പക വർധിക്കാൻ കാരണം. അശോകന് വേണ്ടി മടിക്കൈയിൽ ഏക്കറുകൾ  വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിൽ പോലീസ് ഡ്രോൺക്യാമറയുപയോഗിച്ച് പരിശോധന നടത്തിയിരുന്നു.


ഹൊസ്ദുർഗ്ഗ്, നീലേശ്വരം, അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധികളിലായി വ്യാപിച്ചു കിടക്കുന്ന വിശാലമായ പ്രദേശത്താണ് അശോകൻ മാറിമാറി ഒളിവിൽ കഴിയുന്നത്. വിശപ്പ് സഹിക്കാതാകുമ്പോൾ കാടിറങ്ങുന്ന യുവാവ്  ആളില്ലാത്ത വീടുകളിൽ കയറി ഭക്ഷണസാധനങ്ങൾ മോഷ്ടിച്ചും, പറമ്പുകളിൽ നിന്നും ഇളനീർ പറിച്ച് ഭക്ഷിച്ചുമാണ് ജീവൻ നിലനിർത്തുന്നത്.


കറുകവളപ്പിൽ അശോകന് വേണ്ടി ദിവസവും 20 പേരടങ്ങുന്ന പോലീസ് സംഘം മടിക്കൈയിൽ തെരച്ചിൽ നടത്തുന്നുണ്ട്. കൂട്ടിന് നാട്ടുകാരും സഹായത്തിനുണ്ട്. ഇന്ന് രാവിലെ മുതൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി, ഡോ. വി. ബാലകൃഷ്ണനും സ്ഥലത്തെത്തി തെരച്ചിലിന് നേതൃത്വം നൽകുന്നുണ്ട്. പോലീസിന് കീഴടങ്ങാതെ കറുകവളപ്പിൽ  അശോകന് ഏറെ നാൾ പിടിച്ചു നിൽക്കാനാവില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

Post a Comment

0 Comments