സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ബുധനാഴ്ച

LATEST UPDATES

6/recent/ticker-posts

സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ബുധനാഴ്ചഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ ജനുവരി നാലിന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സജി ചെറിയാന്റെ മടങ്ങിവരവിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പച്ചക്കൊടി കാട്ടിയതോടെ നാലിനു സത്യപ്രതിജ്ഞ നടത്താമെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു. 


കഴിഞ്ഞ ജൂലൈ ആറിനു ചെങ്ങന്നൂരില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചത്. ഭരണഘടനയെ അവഹേൡച്ചെന്നു പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നു സജി ചെറിയാനെതിരെ കേസെടുത്തെങ്കിലും, തെളിവില്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത് എന്നാണ് പൊലീസ് തിരുവല്ല കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 


സജി ചെറിയാന്‍ മന്ത്രിസഭയിലേക്കു തിരിച്ചെത്തുന്നതു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോടു സ്ഥിരീകരിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനമെടുത്തതായി ഗോവിന്ദന്‍ പറഞ്ഞു. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് എംവി ഗോവിന്ദന്‍ അറിയിച്ചു.


സജി ചെറിയാന്റെ പ്രസംഗവുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിച്ചതാണെന്ന്, ചോദ്യത്തിനു മറുപടിയായി എംവി ഗോവിന്ദന്‍ പറഞ്ഞു. ഇതില്‍ ഒന്നും മറച്ചുവയ്ക്കാനില്ല. നിയമപരമായ തടസ്സങ്ങളെല്ലാം കഴിഞ്ഞതാണ്. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടി സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനമെടുത്തത്. സത്യപ്രതിജ്ഞാ തീയതി ഗവര്‍ണറുടെ സൗകര്യം കൂടി കണക്കിലെടുത്ത് മുഖ്യമന്ത്രി തീരുമാനിക്കും. 


സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ പ്രതിപക്ഷ നേതാക്കള്‍ പ്രകടിപ്പിച്ച എതിര്‍പ്പു കാര്യമാക്കുന്നില്ല. അവര്‍ എല്ലാത്തിനെയും എതിര്‍ക്കുന്നവരാണെന്ന് ഗോവിന്ദന്‍ പറഞ്ഞു.


കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ചു മാധ്യമങ്ങളോടു പറയാനാവില്ലെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചു. പാര്‍ട്ടിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ പുറത്തു പറയാന്‍ ഉദ്ദേശിക്കുന്നില്ല. മാധ്യമങ്ങളെ അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കുമെന്ന് ഗോവിന്ദന്‍ പറഞ്ഞു.

Post a Comment

0 Comments