സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

LATEST UPDATES

6/recent/ticker-posts

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

 



കോഴിക്കോട്: ഇനി കൗമാര കലയുടെ ഉത്സവ ദിനരാത്രങ്ങള്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കോഴിക്കോട് തുടക്കമായി.  പ്രധാന വേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ രാവിലെ 8.30ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു പതാക ഉയര്‍ത്തി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി വി ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷനായി. 


കലോത്സവത്തില്‍ മത്സരിച്ചു വിജയിക്കുന്നതല്ല, പങ്കെടുക്കുന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എല്ലാവര്‍ക്കും വിജയിക്കാനാകില്ല. എന്നാല്‍ ഈ മഹാമേളയില്‍ പങ്കെടുക്കാന്‍ കഴിയുന്നതു തന്നെ തങ്ങള്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണെന്ന സംസ്‌കാരം കുട്ടികള്‍ വളര്‍ത്തിയെടുക്കണം. മാതാപിതാക്കളും മത്സരബുദ്ധി വെടിയണം. എല്ലാ കുട്ടികളുടേയും സര്‍ഗവാസന കണ്ടു മനം കുളിര്‍ക്കണം. 


കഴിഞ്ഞ കാലങ്ങളില്‍ രക്ഷിതാക്കള്‍ അനാവശ്യമായി മത്സരപ്രവണത കാണിക്കുന്നുവെന്ന പരാതി ഒരുപാട് ഉയര്‍ന്നുവന്നത് നാം കേട്ടതാണ്. ഏതു കുട്ടിയുടേതായാലും, കുട്ടികളുടെ സര്‍ഗവാസന കണ്ട് സന്തോഷിക്കാന്‍ കഴിയണം. ആ  തരത്തില്‍ ഉയര്‍ന്ന ചിന്തയോടെ രക്ഷിതാക്കള്‍ക്ക് കലോത്സവത്തെ സമീപിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  


പ്രാദേശിക കലാരൂപങ്ങളും നാടന്‍ കലാരുപങ്ങളുമെല്ലാം കലോത്സവത്തില്‍ അവതരിപ്പിക്കപ്പെടുന്നു. അന്യം നിന്നുപോകുന്ന  കലാരൂപങ്ങളുടെ വീണ്ടെടുപ്പിന് സഹായിക്കുന്നത് കൂടിയാണ് കലോത്സവം. അത് ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ അനിവാര്യമാണ്. ക്ലാസ്സിക്കല്‍ കലാരൂപം മുതല്‍ പ്രാക്തന കലാരൂപങ്ങള്‍ വരെ, കേരളത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തിന്റെ പരിച്ഛേദമാകും കലോത്സവ വേദിയില്‍ ഇനി തെളിയുക. 



കോവിഡിന് ശേഷമുള്ള കുട്ടികളുടെ കൂടിച്ചേരലുകളുടെ മാത്രമല്ല, കലാ സാംസ്‌കാരിക മേഖലയുടെ ആകെ മടങ്ങി വരവിന്റെ അടയാളപ്പെടുത്തലാകട്ടെ ഈ കലോത്സവമെന്ന് ആശംസിക്കുന്നു. അതോടൊപ്പം കോവിഡിനെതിരെ മുന്‍കരുതലുകള്‍ തുടരേണ്ടതുണ്ട്. ലോകത്ത് പലയിടങ്ങളിലും കോവിഡ് വ്യാപനം നടന്നു കഴിഞ്ഞു. ഇപ്പോഴത്തെ കോവിഡിന്‍രെ പ്രത്യേകത അതിന്റെ അതിതീവ്ര വ്യാപനശേഷിയാണ്. നമുക്ക് മാത്രമായി അതില്‍ നിന്ന് മാറിനില്‍ക്കാനാകുമോ എന്ന് ആശങ്കയുണ്ട്. 


അതുകൊണ്ടു തന്നെ നേരത്തെ കോവിഡ് പ്രതിരോധത്തിന് നാം സ്വീകരിച്ച് ശീലങ്ങളെല്ലാം വീണ്ടും സ്വീകരിക്കേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, സ്പീക്കര്‍ എഎന്‍ ഷംസീര്‍, കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.  24 വേദികളില്‍ 239 ഇനങ്ങളിലായി 14,000 കുട്ടികളാണ് പങ്കെടുക്കുന്നത്. 

Post a Comment

0 Comments