''ബത്തേരി മോഡലില്‍'' തിളങ്ങാന്‍ ഉദുമ പഞ്ചായത്ത്:അഭിമാന പദ്ധതിയാവാന്‍ ക്ലീന്‍ ഉദുമ പദ്ധതി

LATEST UPDATES

6/recent/ticker-posts

''ബത്തേരി മോഡലില്‍'' തിളങ്ങാന്‍ ഉദുമ പഞ്ചായത്ത്:അഭിമാന പദ്ധതിയാവാന്‍ ക്ലീന്‍ ഉദുമ പദ്ധതി




മാലിന്യ സംസ്‌കരണത്തിലും ശുചീകരണ പ്രവര്‍ത്തനത്തിലും ഊന്നിയുള്ള സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് ക്ലീന്‍ ഉദുമ പദ്ധതി നടപ്പിലാക്കാനൊരുങ്ങി ഉദുമ ഗ്രാമ പഞ്ചായത്ത്.  പാലക്കുന്ന്, ഉദുമ നഗര മേഖലകള്‍ കേന്ദ്രീകരിച്ച് പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായി പദ്ധതി നടപ്പിലാക്കും. ഇതിനായി പത്ത് ലക്ഷം രൂപയാണ് പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. ജില്ലയിലെ മാതൃകാ ശുചിത്വ നഗരമെന്ന പദവി നേടിയെടുക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പേര് സ്വന്തമാക്കിയ സുല്‍ത്താന്‍ ബത്തേരി മോഡലില്‍ ആണ്  പദ്ധതി നടപ്പിലാക്കുക. രണ്ട് മാസത്തിനുള്ളില്‍ പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. പഞ്ചായത്തിലെ ജനപ്രതിനിധി ഉദ്യോഗസ്ഥ സംഘം ബത്തേരി സന്ദര്‍ശിച്ച് പദ്ധതി വിലയിരുത്തും.

മാലിന്യ നിര്‍മാര്‍ജ്ജനത്തിനും സംസ്‌കരണത്തിനുമായി 40 ലക്ഷം രൂപയാണ് പഞ്ചായത്ത് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. നേരത്തെ തുടങ്ങിയ പദ്ധതികള്‍ തുടര്‍ന്നും കാര്യക്ഷമമായി നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി പറഞ്ഞു. 2023 ജനുവരി 18നാണ് അഴകോടെ ഉദുമ പദ്ധതിക്ക് പഞ്ചായത്തില്‍ തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി നോമ്പില്‍ പുഴ മുതല്‍ തൃക്കണ്ണാട് വരെ നാല് കിലോമീറ്റര്‍ തീരപ്രദേശം വൃത്തിയാക്കി. തുടര്‍ന്ന് നവകേരളം കര്‍മ പദ്ധതിയുടെ വലിച്ചെറിയല്‍ മുക്ത ജില്ലയുടെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ മുപ്പതോളം പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. പഞ്ചായത്തിലെ ഹരിത കര്‍മ സേനകളുടെ പ്രവര്‍ത്തനവും മാതൃകാപരമാണ്. ഒരു ദിവസം ഒരു വാര്‍ഡ് കേന്ദ്രീകരിച്ചാണ് ഹരിത കര്‍മ സേന നിലവില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ജനുവരിയില്‍ മാത്രം യൂസര്‍ ഫീ ഇനത്തില്‍  ഹരിത കര്‍മ സേനയ്ക്ക്  ലഭിച്ചത് 3.23 ലക്ഷം രൂപയാണ്. ഗ്രീന്‍ വേംസ് എന്ന കമ്പനിക്കാണ് പഞ്ചായത്തിലെ മാലിന്യങ്ങള്‍ കൈമാറുന്നത്. അജൈവ മാലിന്യ സംസ്‌കരണത്തിനായി പഞ്ചായത്ത് വിവിധ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. പഞ്ചായത്തില്‍ 1400 റിംഗ് കമ്പോസ്റ്റുകള്‍ വിതരണം ചെയ്തു. 750 പൈപ്പ് കമ്പോസ്റ്റുകള്‍ക്കൊപ്പം 50 ബയോ കിച്ചണ്‍ ബിന്‍ കമ്പോസ്റ്റുകള്‍ വീടുകളിലെത്തിച്ചു.  42 വീടുകളില്‍ ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു.

Post a Comment

0 Comments