അപേക്ഷിച്ചാലുടൻ ബിൽഡിംഗ്‌ പെർമ്മിറ്റ്‌ ലഭ്യമാക്കാനുള്ള തീരുമാനം നടപ്പിലാക്കിത്തുടങ്ങി

LATEST UPDATES

6/recent/ticker-posts

അപേക്ഷിച്ചാലുടൻ ബിൽഡിംഗ്‌ പെർമ്മിറ്റ്‌ ലഭ്യമാക്കാനുള്ള തീരുമാനം നടപ്പിലാക്കിത്തുടങ്ങി

 തിരുവനന്തപുരം : 300 ചതുരശ്ര മീറ്റർ വരെയുള്ള വീട് ഉൾപ്പെടെയുള്ള ലോ റിസ്ക്‌ കെട്ടിടങ്ങൾക്ക്‌ അപേക്ഷിച്ചാലുടൻ ബിൽഡിംഗ്‌ പെർമ്മിറ്റ്‌ ലഭ്യമാക്കാനുള്ള തീരുമാനം നഗരസഭകളിൽ നടപ്പിലാക്കിത്തുടങ്ങി. ആദ്യദിനമായ ഏപ്രിൽ ഒന്നിന്‌ വന്ന 11 ബിൽഡിംഗ്‌ പെർമ്മിറ്റ് അപേക്ഷകളും,‌ ചുരുങ്ങിയ സമയം കൊണ്ട്‌ സിസ്റ്റം തന്നെ പരിശോധിച്ച്‌, പെർമ്മിറ്റുകൾ അനുവദിച്ചു. പെർമ്മിറ്റ്‌ ഫീസ്‌ അടച്ചയാളുകൾക്ക്‌ ശനിയാഴ്ച തന്നെ സിസ്റ്റം ജനറേറ്റഡ്‌ പെർമ്മിറ്റ്‌ ഓൺലൈനിൽ ലഭ്യമാക്കി.


തിരുവനന്തപുരം എട്ട്, കണ്ണൂർ രണ്ട്, കളമശേരി ഒന്ന് എന്നിങ്ങനെയാണ്‌ ആദ്യ ദിനത്തിലെ അപേക്ഷകൾ. അവധിദിനമായിട്ടും ഞായറാഴ്ചയും ഓൺലൈനിൽ രണ്ട്‌ അപേക്ഷകളെത്തുകയും ഇവ രണ്ടും പാസാകുകയും ചെയ്തു. തിരുവനന്തപുരത്തും തൃശൂരിലുമാണ്‌ ഈ അപേക്ഷകൾ. ഫീസ്‌ അടക്കുന്നതിന്‌ അനുസരിച്ച്‌ ഈ പെർമ്മിറ്റും അപേക്ഷകന്റെ കൈയിലെത്തും.


പരിശോധനയും അനുമതിയും പൂർണമായും സിസ്റ്റം നിർവ്വഹിക്കുന്നു എന്നതിനാൽ അവധി ദിനങ്ങളിലും പെർമ്മിറ്റ്‌ ലഭിക്കാൻ തടസമുണ്ടാകുന്നില്ല. മാസങ്ങൾ കാത്ത്‌ നിന്ന് പെർമ്മിറ്റ്‌ ലഭിച്ചിരുന്ന സ്ഥാനത്താണ്‌, അപേക്ഷിച്ചാൽ അന്നുതന്നെ പെർമ്മിറ്റ്‌ ലഭിച്ച്‌ നിർമാണപ്രവർത്തനം ആരംഭിക്കുന്ന നിലയിലേക്ക്‌ കാര്യങ്ങൾ മാറുന്നത്‌.


വീട് ഉൾപ്പെടെ 300 ചതുരശ്ര മീറ്റർ വരെയുള്ള ലോ റിസ്ക്‌ കെട്ടിടനിർമാണങ്ങൾക്കാണ് ഈ സൗകര്യം ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി നല്‍കുന്നത്. പല തലങ്ങളിലുള്ള പരിശോധനയും കാലതാമസവും തടസങ്ങളും ഇതുമൂലം ഒഴിവാക്കാൻ കഴിയുമെന്ന് ആദ്യ ദിനം തന്നെ തെളിയിക്കുന്നു.


അഴിമതിയുടെ സാധ്യതകളും ഈ സംവിധാനം ഇല്ലാതാക്കുന്നു. കെട്ടിട ഉടമസ്ഥരുടെയും, കെട്ടിട പ്ലാൻ തയാറാക്കുകയും സുപ്പർവൈസ് ചെയ്യുകയും ചെയ്യുന്ന ലൈസൻസി/ എംപാനൽഡ് എഞ്ചിനീയർമാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഓൺലൈൻ ആയി അപേക്ഷിക്കേണ്ടത്‌. ആവശ്യമായ പരിശോധന സിസ്റ്റം നടത്തിയ ശേഷം, ഫീസ്‌ അടക്കാൻ നിർദേശിക്കും.


ഫീസ്‌ അടച്ചാൽ, അപേക്ഷ നൽകുന്ന ദിവസം തന്നെ സിസ്റ്റം ജനറേറ്റഡ് പെർമിറ്റ് ലഭിച്ച്‌ നിർമ്മാണം ആരംഭിക്കാനാകും. തീരദേശ പരിപാലനനിയമം, തണ്ണീർത്തട സംരക്ഷണ നിയമം തുടങ്ങിയവ ബാധകമായ മേഖലകളിലല്ല കെട്ടിടനിർമാണമെന്നും കെട്ടിട നിർമാണ ചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്നുമുള്ള സത്യവാങ്‌മൂലം അപേക്ഷയിൽ നൽകണം. അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ പൂർണവും യാഥാർത്ഥവുമാണെങ്കിൽ മാത്രമേ പെർമിറ്റ് ലഭിക്കുകയുള്ളൂ.


യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചാണ് പെർമിറ്റ് നേടിയതെന്ന് തെളിഞ്ഞാൽ പിഴ, നിയമവിരുദ്ധമായി നിർമിച്ച കെട്ടിടം ഉടമ സ്വന്തം ചെലവിൽ പൊളിച്ചുനീക്കൽ, എംപാനൽഡ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കൽ എന്നീ നടപടികൾ ഉണ്ടാകും. നഗരസഭകളിൽ നടപ്പാക്കിയതിന്റെ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തിൽ അടുത്ത ഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും. 2023 ഏപ്രിൽ ഒന്ന് മുതൽ നഗരസഭകളിൽ വീടുകളടക്കമുള്ള ചെറുകിട കെട്ടിടങ്ങളുടെ പെർമിറ്റ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥതല പരിശോധന പൂർണമായും ഒഴിവാക്കി.

Post a Comment

0 Comments