പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനും മകനും പോക്സോ കേസിൽ അറസ്റ്റിൽ. 11, ഏഴ് വയസുള്ള സഹോദരങ്ങളായ പെൺകുട്ടികളാണ് പീഡനത്തിനു ഇരയായത്. ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ പാതാക്കര അയ്യപ്പൻ (50), മകൻ വിഷ്ണു (24) എന്നിവരെയാണ് പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.
സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. ആറ് മാസത്തോളമായി രണ്ട് പെൺകുട്ടികളേയും ഇരുവരും പീഡിപ്പിച്ചതായി സ്കൂൾ അധികൃതർ ചങ്ങരംകുളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പൊലീസ് തിരഞ്ഞെത്തിയ വിവരം അറിഞ്ഞ് രക്ഷപ്പെടാൻ അയ്യപ്പൻ ശ്രമിച്ചിരുന്നു. ഇയാളെ കടവല്ലൂർ ബസ് സ്റ്റോപിൽ നിന്നു മഫ്തിയിലെത്തിയ അന്വേഷണ സംഘം തന്ത്രപരമായി കുടുക്കുകയായിരുന്നു.
വിഷ്ണു അടൂരിലാണ് ജോലി ചെയ്യുന്നത്. സംഭവം അറിഞ്ഞ് മൊബൈൽ ഫോൺ ഓഫാക്കി രക്ഷപ്പെടാൻ വിഷ്ണു ശ്രമിച്ചു. എന്നാൽ അടൂർ പൊലീസിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തു.
കേസിൽ പോക്സോ നിയമമനുസരിച്ച് നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ പൊന്നാനി ജഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
0 Comments