ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു രാത്രി മുഴുവൻ കാഞ്ഞങ്ങാട്ട് പൊലീസിനെ വട്ടംകറക്കിയത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ്

LATEST UPDATES

6/recent/ticker-posts

ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു രാത്രി മുഴുവൻ കാഞ്ഞങ്ങാട്ട് പൊലീസിനെ വട്ടംകറക്കിയത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ്



ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാസര്‍ഗോഡ് പോലീസിനെ ഒരു രാത്രി മുഴുവന്‍ വട്ടം കറക്കി, തിരുവന്തപുരത്തെ കുപ്രസിദ്ധ ഗുണ്ട ഷംനാദ് ഷൗക്കത്ത്. ഹോട്ടലിലേക്കും, റെയില്‍വേ സ്‌റ്റേഷനിലേക്കും ഇയാള്‍ പോലീസ് അകമ്പടിയില്‍ യാത്ര ചെയ്തു. പുലര്‍ച്ചെയോടെ, സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് സുരക്ഷ നല്‍കിയത് ഗുണ്ടയ്ക്കാണെന്ന് പോലീസിന് മനസിലായത്.


കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പോലീസിനെ കബളിപ്പിച്ച നാടകീയ സംഭവമുണ്ടായത്. പത്തനംതിട്ടയിലെ ജഡ്ജി കാര്‍ കേടായി റോഡിലുണ്ടെന്നും അദ്ദേഹത്തെ ലോഡ്ജിലേക്ക് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട്, നീലേശ്വരം പൊലീസ് സ്റ്റേഷനിലേക്ക്, ഫോണ്‍ വിളിയെത്തുന്നു. ഇതോടെ ഡിസിആര്‍ബി ഡി.വൈ.എസ്.പിയെന്നാണ് വിളിച്ചയാള്‍ പരിചയപ്പെടുത്തിയത്. ഇത് വിശ്വസിച്ച പൊലീസ് ഉടന്‍ തന്നെ നീലേശ്വരം ഹൈവേയിലെത്തി.


തനിക്ക് ഭീഷണിയുണ്ടെന്നും ഉടന്‍ ഒരു ലോഡ്ജിലെത്തിക്കണമെന്നും കാറിലുള്ളയാള്‍ പൊലീസിനോട് പറഞ്ഞു. ഇതോടെ പൊലീസ് വാഹനത്തില്‍ ഇയാളെ കാഞ്ഞങ്ങാട്ടെ ഒരുഹോട്ടലില്‍ എത്തിച്ചു. ഭീഷണിയുള്ള ജഡ്ജി ആണെന്ന് പറഞ്ഞതിനാല്‍ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തി. ലോഡ്ജില്‍ ഇരിക്കെ തനിക്ക് കണ്ണൂരിലേക്ക് പോകാന്‍ ഒരു ടാക്സി ഒരുക്കിത്തരണമെന്നു അറിയിച്ചപ്പോള്‍ പൊലീസ് അതിന് തയ്യാറായില്ല. പകരം റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞു.


അങ്ങനെ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ രാത്രി കണ്ണൂര്‍ ഭാഗത്തേക്ക് ഇനി ഒരു ട്രെയിനുമില്ലെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് വീണ്ടും ലോഡ്ജിലെത്തിച്ചു. അപ്പോഴേക്കും നേരം പുലര്‍ച്ചെയായിരുന്നു. ഇതിനിടെ ഇയാളുടെ പെരുമാറ്റത്തില്‍ പോലീസിന് സംശയം തോന്നിത്തുടങ്ങിയിരുന്നു. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് കബളിക്കപ്പെട്ടതായി പോലീസിന് മനസിലായത്.

തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ സുരക്ഷയൊരുക്കിയത്, തിരുവനന്തപുത്തെ കുപ്രസിദ്ധ ഗുണ്ട ഷംനാദ് ഷൗക്കത്തിനാണെന്ന് പോലീസിന് മനസിലായത്. ഒരു രാത്രി മുഴുവന്‍ കാസര്‍ഗോഡ് പോലീസിനെ വട്ടം കറക്കിയ ഷംനാദിന് തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷനുകളിൽ ഒമ്പത് കേസുകളുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Post a Comment

0 Comments