മാങ്ങാട്ടെ 59കാരനിൽ നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയ ഹണിട്രാപ്പ് സംഘം പിടിയിൽ

LATEST UPDATES

6/recent/ticker-posts

മാങ്ങാട്ടെ 59കാരനിൽ നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയ ഹണിട്രാപ്പ് സംഘം പിടിയിൽ



കാസർകോട്: 59 കാരനിൽ നിന്ന് പണം തട്ടിയ ഹണിട്രാപ്പ് സംഘം പിടിയിൽ. കാസർകോട് സ്വദേശികളായ ലുബ്‌ന, ദിൽഷാദ്, സിദ്ദീഖ്, ഫൈസൽ ഉൾപ്പടെ ഏഴ് പേരെ മേൽപ്പറമ്പ് പൊലീസാണ് പിടികൂടിയത്. മംഗളൂരുവിൽ എത്തിച്ച് നഗ്‌നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് മാങ്ങാട് ബാര സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്. വീണ്ടും ഭീഷണി തുടരുകയും കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ പരാതി നൽകുകയുമായിരുന്നു പരാതിക്കാരൻ.


ഈമാസം 23 നാണ് ലുബ്‌ന താനൊരു വിദ്യാർത്ഥി ആണെന്നും തൻറെ പഠനം മുടങ്ങിയിരിക്കുകയാണെന്നും അറിയിച്ചു മാങ്ങാട് സ്വദേശിയെ വിളിക്കുന്നത് . നിങ്ങളെ അറിയില്ലെന്ന് മാങ്ങാട് സ്വദേശി പറഞ്ഞപ്പോൾ താങ്കളുടെ നമ്പർ എന്റെ ഒരു സുഹൃത്ത് തന്നതാണെന്നും താങ്കൾ എല്ലാവരെയും സഹായിക്കുന്ന ആളാണെന്ന് പറഞ്ഞിട്ടുണ്ടെന്നും സങ്കടം പറഞ്ഞാൽ സഹായിക്കുമെന്ന് കൂട്ടുകാരൻ പറഞ്ഞതായി ലുബ്‌ന മാങ്ങാട് സ്വദേശിയെ അറിയിക്കുന്നു. പുതിയ ലാപ്ടോപ്പ് വാങ്ങിത്തരാൻ സാധിക്കില്ലെന്നും പഴയ ലാപ്ടോപ്പ് വേണമെങ്കിൽ റിപ്പയർ ചെയ്തു തരാമെന്നും മാങ്ങാട് സ്വദേശി വിദ്യാർത്ഥിനി എന്ന നിലയിൽ അഭിനയിച്ച ലുബിനെയേ അറിയിക്കുന്നു.


തുടർന്ന് കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ ഉള്ള കമ്പ്യൂട്ടർ റിപ്പയറിങ് ഷോപ്പിൽ ലാപ്ടോപ്പ് ഇരുവരും ചേർന്ന് എത്തിച്ചെങ്കിലും ഇത് റിപ്പയർ ചെയ്യാൻ സാധിക്കില്ല എന്ന് അവർ അറിയിക്കുന്നു. എന്നാൽ വിദ്യാർത്ഥിയുടെ ദയനീയത കണ്ടു ഒരു പുതിയ കമ്പ്യൂട്ടർ വാങ്ങിച്ചു കൊള്ളുക എന്ന് മാങ്ങാട് സ്വദേശി ആവശ്യപ്പെട്ടപ്പോൾ ആപ്പിളിന്റെ കമ്പ്യൂട്ടറാണ് ലുബ്‌ന തിരഞ്ഞെടുത്തത്. ഇത്രയും വില കൂടിയ ലാപ്ടോപ്പ് വാങ്ങിച്ചു തരാൻ സാധിക്കില്ലെന്ന് മാങ്ങാട് സ്വദേശി അറിയിച്ചപ്പോൾ മംഗലാപുരത്ത് വിലകുറഞ്ഞ ലാപ്ടോപ്പ് കിട്ടുമെന്നും വാങ്ങിച്ചു തന്നാൽ താങ്കളെ ഞാൻ സുഖിപ്പിച്ചു നൽകാമെന്ന് ലുബ്‌ന മാങ്ങാട്ടുകാരനെ മോഹിപ്പിക്കുകയും ചെയ്തു.


25 ന് ഉച്ചയ്ക്ക് മംഗളൂരുവിലെത്തിയ ഇരുവരും ഹോട്ടലിൽ മുറിയെടുത്ത് ലൈംഗിക ബന്ധം ഒഴിച്ചുള്ള ബാഹ്യലീലയിലേർപ്പെടുകയും തുടർന്ന് ജ്യൂസ് കുടിച്ചതിനുശേഷം ആകാം എന്ന് പറഞ്ഞ് താഴെ റസ്റ്റോറന്റിൽ എത്തുകയും ചെയ്തു. ഇവിടെ നിന്നാണ് നേരത്തെ പ്ലാൻ ചെയ്ത് പ്രകാരം രണ്ടുപേർ അവിടെ എത്തുകയും ഇതെന്റെ സഹോദരിയുടെ മകളാണ് നിങ്ങൾ എങ്ങനെയാണ് ഇവളെയും കൂട്ടി മംഗലാപുരത്ത് എത്തിയതെന് ചോദിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നു. ഇതിനിടയിൽ ലുബ്‌നയേ ചോദ്യം ചെയ്യുന്നതായി ഇവർ അഭിനയിച്ചപ്പോൾ മുകളിൽ മുറിയെടുത്ത കാര്യവും തന്നെ ഇയാൾ ബലാത്സംഗം ചെയ്തു എന്നും ലുബ്‌ന പറയുകയുണ്ടായി. തുടർന്ന് മാങ്ങാട് സ്വദേശിയെ ഇവർ കാറിൽ കയറ്റുകയും കാസർകോട് എത്തിക്കുകയും ചില സമയങ്ങളിൽ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന റഫീക്ക് എന്ന ആളുടെ പടന്നക്കാട്ടെ വീട്ടിൽ കൊണ്ടുവരികയും ചെയ്തു. ഇവിടെവെച്ച് മാങ്ങാട് സ്വദേശിയെ ഇവർ എല്ലാവരും ചേർന്ന് വീണ്ടും ഭീഷണിപ്പെടുത്തി , 5 ലക്ഷം രൂപ നൽകിയാൽ സംഭവം ഒതുക്കി തീർക്കാം എന്ന് അറിയിച്ചതോടെ പതിനായിരം രൂപ ഉടൻ തന്നെ ലുബ്‌നയുടെ അക്കൗണ്ടിലേക്ക് മാങ്ങാട് സ്വദേശി ട്രാൻസ്ഫർ ചെയ്തു നൽകുകയും 26 തീയതി രാവിലെ നാലു ലക്ഷത്തി തൊണ്ണൂറായിരം രൂപ നൽകാമെന്ന് വാക്ക് നൽകുകയും അത് മാങ്ങാട് സ്വദേശി മാനഹാനി ഭയന്ന് കൃത്യമായി പാലിക്കുകയും ചെയ്തു. ഇതോടെ ലുബ്‌നയുടെ സംഘം വീണ്ടും 31 ലക്ഷം രൂപ ആവശ്യപ്പെടുകയും അത് 31 ആം തീയതിക്കകം തന്നില്ലെങ്കിൽ മംഗലാപുരത്തുനിന്ന് പകർത്തിയ ദൃശ്യങ്ങൾ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും പറഞ്ഞ് വീണ്ടും ഭീഷണിപ്പെടുത്തി.


ഇതോടെ മാങ്ങാട് സ്വദേശി മേൽപ്പറമ്പ് പോലീസിനെ സമീപിക്കുകയും മാങ്ങാട് സ്വദേശിയുടെ പരാതിയിൽ കേസെടുത്ത് ഇൻസ്പെക്ടർ ഉത്തംദാസിൻ്റെ നേതൃത്വത്തിൽ എസ് ഐ അശോകനും സംഘവും പ്രതികളെ പിടികൂടാനുള്ള തന്ത്രം ഒരുക്കി.


മാങ്ങാട് സ്വദേശിയായ പ്രതിയെക്കൊണ്ട് പണം നൽകാമെന്ന് അറിയിച്ച് പ്രതികളെ മേൽപ്പറമ്പിലേക്ക് എത്തിക്കുകയും ഇവിടെനിന്ന് പോലീസ് സംഘം വളഞ്ഞ് ഇവരെ പിടികൂടുകയും ചെയ്തു. ഈ സമയം ദിൽഷാദ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസിന്റെ ഓട്ടത്തിനൊപ്പം എത്താൻ ദിൽഷാദിന് സാധിച്ചില്ല.


എന്നാൽ ലുബ്‌നെയും ഭർത്താവായ സിദ്ധിക്കും മേൽപ്പറമ്പിൽ എത്തിയിരുന്നില്ല. ഇവർ കളനാട് കൂളിക്കുന്നിൽ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെത്തി ഇവരെ പിടി കൂടുകയായിരുന്നു. പോലീസ് തങ്ങളെ പിടികൂടാൻ വരുന്ന വിവരം ലഭിച്ച ഇവർ സാധനങ്ങളുമായി കാറിൽ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് പോലീസ് വാഹനം വട്ടം വച്ച് ഇവരെ പിടികൂടുന്നത് . തുടർന്ന് പടന്നകാടിൽ നിന്നും റഫീക്കിനെയും പിടികൂടി. നേരത്തെ മംഗലാപുരത്തുനിന്ന് മാങ്ങാട് സ്വദേശിയെ എത്തിച്ച് വീടിൻറെ ഉടമ കൂടെയാണ് റഫീഖ്. ഇയാളെ ഒരു ദിവസം അവിടെ താമസിപ്പിച്ചതിന് നാല് പൊറോട്ടയും ബീഫും ആണ് പ്രതിഫലമായി നൽകിയത്. എന്നാൽ മാങ്ങാട് സ്വദേശിയെ വീട്ടിൽ വച്ച് ഭീഷണിപ്പെടുത്താൻ റഫീക്കും ഉള്ളതിനാൽ പോലീസ് പ്രതി പട്ടികയിൽ ചേർക്കുകയായിരുന്നു. ഗൂഢാലോചനയുമായോ മറ്റു കാര്യങ്ങൾക്കോ ഇയാൾക്ക് ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .


അതേസമയം ദിൽഷാദിന്റെ നേതൃത്വത്തിൽ കോഴിക്കോടുള്ള ഒരു 60 കാരനെ കെണിയിൽ പെടുത്താനുള്ള ഒരുക്കത്തിൽ ആയിരുന്നു ഇവരെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുമായി ഇവർ നിരന്തരം ഫോൺ വിളിക്കുകയും പ്രലോഭിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

പ്രദേശത്തുതന്നെയുള്ള മറ്റു ചിലരെയും ഇവർ ഭീഷണിപ്പെടുത്തി പണം സമ്പാദിച്ചിട്ടുണ്ട് എന്നാണ് പോലീസിന് പ്രാഥമികമായി ലഭിക്കുന്ന ചില വിവരങ്ങൾ. എന്നാൽ ഇത് തുടരന്വേഷണത്തിൽ മാത്രമേ കൃത്യമായി പറയാൻ സാധിക്കുന്നു എന്നാണ് പോലീസ് പറയുന്നത്.

Post a Comment

0 Comments