കാസര്‍കോട്: ചൂരിയിലെ മദ്‌റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി വധക്കേസില്‍ കോടതി വിധി പറയുന്നത് മാറ്റി. മാര്‍ച്ച് 7 ന് വിധി പറയാനാണ് കേസ് മാറ്റിയത്. ഇന്ന് വിധി പറയുമെന്നായിരുന്നു കോടതി നേരത്തെ പ്രസ്താവിച്ചത്. ജഡ്ജി അഹമ്മദാബാദില്‍ ഔദ്യോഗിക പരിപാടിയിലായതിനാല്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ചുമതലയുള്ള അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജിയാണ് വിധി പ്രസ്താവന മാറ്റിവച്ചത്. നീണ്ട ഏഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അടുത്ത ആഴ്ച വിധി പറയുക. 2019ലാണ് കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. കോവിഡ് മൂലവും ജഡ്ജിമാര്‍ സ്ഥലം മാറിപ്പോയത് കാരണവും കേസ് പലതവണ മാറ്റിവെക്കേണ്ടി വന്നു. കേസ് ഏറ്റവുമൊടുവില്‍ പരിഗണിച്ച ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് ഇന്ന് വിധി പറയേണ്ടിയിരുന്നത്. മുമ്പ് ഏഴ് ജഡ്ജിമാരാണ് ഈ കേസ് പരിഗണിച്ചത്. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് റിയാസ് മൗലവി കൊല്ലപ്പെട്ടത്. പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന് മൂന്നംഗസംഘം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. ബി.ജെ.പി പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
0 Comments