ഹൊസ്ദുര്‍ഗ്ഗ് കടപ്പുറത്ത് കൈറ്റ് ബീച്ച് പാര്‍ക്ക് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

ഹൊസ്ദുര്‍ഗ്ഗ് കടപ്പുറത്ത് കൈറ്റ് ബീച്ച് പാര്‍ക്ക് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു



കാഞ്ഞങ്ങാട്: കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൈറ്റ് ബീച്ച് പാര്‍ക്കിന് സാധിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

ഹൊസ്ദുര്‍ഗ്ഗ് കടപ്പുറത്ത് ടൂറിസം വകുപ്പ് നിര്‍മ്മിച്ച കൈറ്റ് ബീച്ച് പാര്‍ക്ക് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ ഒരു ടൂറിസം കേന്ദ്രം കൂടി മനോഹരമായി ഉയര്‍ന്നു വരികയാണ്. ടൂറിസം വകുപ്പ്  1.25 കോടി രൂപ മുതല്‍ മുടക്കിയാണ് കൈറ്റ് ബീച്ച് പാര്‍ക്ക് ആകര്‍ഷകമാക്കിയിരിക്കുന്നത്. ടൂറിസം മേഖലയില്‍ വലിയ കുതിച്ചുചാട്ടം സാധ്യമാക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ ടൂറിസം വകുപ്പ് നടപ്പിലാക്കുന്നുണ്ട്. ബേക്കല്‍ ടൂറിസം പ്രധാനപ്പെട്ട ചുവടുവെപ്പാണ് നടത്തിയത്.  അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ കുളവയലില്‍  ബേക്കല്‍ വില്ലേജ് ടൂറിസം പദ്ധതി ആരംഭിക്കാന്‍ പോകുകയാണ്. അത് പൂര്‍ത്തിയാകുമ്പോള്‍ ആ പ്രദേശം വലിയ വികസന കുതിപ്പിന് സാക്ഷിയാകും. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി കേരളം മാറുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ കൃത്യമായ ഇടപെടലുകളുടെയും കാലാനുസൃതമായ പ്രചരണ പരിപാടികളുടെയും ഫലമായി ഓരോ വര്‍ഷവും കേരളം സന്ദര്‍ശിക്കാനെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെയും, വിദേശ സഞ്ചാരികളുടെയും എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.


ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അദ്ധ്യക്ഷനായി. ഈ പ്രദേശത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൈറ്റ് ബീച്ച് പാര്‍ക്കിന് സാധിക്കുമെന്ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. പറഞ്ഞു. നിര്‍മ്മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി.രാജമോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലറുമായ വി.വി.രമേശന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.ലത, പി.അഹമ്മദലി, കെ.പ്രഭാവതി, കെ.വി.സരസ്വതി, വാര്‍ഡ് കൗണ്‍സിലര്‍ സി.എച്ച്.സുബൈദ, പി.കെ.നിശാന്ത്, മുഹമ്മദ് കുഞ്ഞി, എം.ഹമീദ് ഹാജി, എം.കുഞ്ഞമ്പാടി, ടൂറിസം വകുപ്പ് കാസര്‍കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ജി.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേര്‍ഴ്‌സണ്‍ കെ.വി.സുജാത സ്വാഗതവും  ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.


കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഫുഡ് കോര്‍ട്ട്, ഭിന്നശേഷി സൗഹൃദ ശുചിമുറികള്‍, ഇരിപ്പിടങ്ങള്‍, സെല്‍ഫി പോയിന്റുകള്‍, സുവനീര്‍ ഷോപ്പ് തുടങ്ങിയ സൗകര്യങ്ങളുള്ള പദ്ധതി 1.25 കോടി രൂപ ചെലവഴിച്ചാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ പൂര്‍ത്തിയാക്കിയത്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല.

Post a Comment

0 Comments