ഇന്ന് മെട്രോ മുഹമ്മദ് ഹാജിയുടെ ഓർമ്മകൾക്ക് നാലാണ്ട്, സാമൂഹ്യ സേവനം ജീവിത വൃതമായി കരുതി ജീവിതത്തിലുടനീളം ആ സരണിയിലൂടെ സഞ്ചരിച്ചു വിട പറഞ്ഞ മെട്രോ മുഹമ്മദ് ഹാജി സാഹിബിന്റെ സ്മരണകൾ,ഓരോ ജൂൺ പത്തും കടന്ന് പോകുമ്പോഴും ആ വ്യക്തിത്വത്തിന്റ ജ്വലിക്കുന്ന ഓർമ്മകൾ നമ്മുടെയെല്ലാം മനസ്സിലൂടെ കടന്ന് പോവുക സ്വാഭാവികം.
മെട്രോ മുഹമ്മദ് ഹാജി സാഹിബിന്റെ ഓർമ്മകൾ അദ്ദേഹം നടന്ന് നീങ്ങിയ പാതകളിലൂടെ സഞ്ചരിക്കുമ്പോൾ ദൃശ്യമാവുക ആ വ്യക്തിത്വത്തിന്റ സവിശേഷതകൾ കൊണ്ട് തന്നെയാണ്.
സ്വാർത്ഥതയും തൻ പ്രമാണിത്വവും തൊട്ട് തീണ്ടിയിട്ടില്ലാത്ത മഹത്തായ മൂല്യങ്ങൾ വാക്കിലും പ്രവർത്തിയിലും ജീവിച്ചു കാണിച്ചു മാതൃകാ നേതാവായിരുന്നു മെട്രോ മുഹമ്മദ് ഹാജി സാഹിബ്.
ലാളിത്യവും എളിമത്വവും സുന്ദരമായ പുഞ്ചിരിയും ആയിരുന്നു അദ്ദേഹത്തിന്റെ വ്യക്തി മുദ്ര.
വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയരുത് എന്ന വീക്ഷണത്തിൽ ജീവിച്ചു വിട പറഞ്ഞത് കൊണ്ട് തന്നെ അദ്ദേഹം സമൂഹത്തിന് നൽകിയ നിരവധി സേവനങ്ങൾ വെളിച്ചം കണ്ടില്ല എന്ന് പറയാം. അദ്ദേഹത്തെ ഒരു ആശ്രയം ആയി കണ്ട് ജീവിച്ച് വന്ന അനേകം പേർ നമ്മുടെ ചുറ്റിലും ഉണ്ട്. അവരുടെയെല്ലാം മനസ്സും ഹൃദയവും മെട്രോക്ക് വേണ്ടിയുള്ള പ്രാർത്ഥനകളിൽ എന്നും തന്നെ ഉണ്ടാകും എന്നതിൽ സംശയം ഇല്ല. ഒരു വ്യക്തിയെ സമൂഹം ഉള്ള് തുറന്ന് സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുമ്പോൾ തീർച്ചയായും ആ വ്യക്തിയുടെ സമ്പുഷ്ടമായ സമൂഹ്യ സേവനം തന്നെയായിരിക്കും അതിന്റ പിന്നിലുള്ള ചേതോ വികാരം.
ആർക്കും ഏതു നേരത്തും സമീപിക്കാവുന്ന വ്യക്തിയായിരുന്നു മെട്രോ.
എല്ലാവരുടെയും കൂട്ടുകാരനും തോഴനും ആയിരുന്നു അദ്ദേഹം. ഒരിക്കലും ആരോടും ഒരു വിധ വെറുപ്പോ അസഹിഷ്ണുതയോ പ്രകടിപ്പിക്കുമായിരുന്നില്ല.
ഒരു തുറന്ന പുസ്തകം പോലെ ആയിരുന്ന മെട്രോ മുഹമ്മദ് ഹാജി സാഹിബിന് ഒരു ശത്രുവും ഇല്ല എന്ന് മാത്രമല്ല ആരോടും ഒരിക്കലും ശത്രുതാ മനോഭാവം വെച്ച് പുലർത്തുകയില്ലായിരുന്നു.മുസ്ലിം ലീഗിന്റെയും,നമ്മുടെ നാടിന്റെ ഒരു കാരണവർ സ്ഥാനത്ത് നിന്ന് കൊണ്ട് നാടിന്റെയും സമൂഹത്തിന്റെയും പൊതു പ്രശ്നങ്ങളിൽ ഇടപെട്ടു സജീവ പങ്കാളിത്തം വഹിക്കുമായിരുന്നു.
മെട്രോ മുഹമ്മദ് ഹാജി സാഹിബ് നമ്മോടൊപ്പം ജീവിച്ച് കാണിച്ചു തന്ന മഹത്തായ പാത ഒരിക്കലും വിസ്മരിക്കാൻ സാധ്യമല്ല. അദ്ദേഹം കാണിച്ചു തന്ന
മാതൃകാപരമായ സേവന വീഥി നമുക്ക് എല്ലാവർക്കും നല്ലൊരു പുസ്തകം തന്നെയാണ്.
മെട്രോ മുഹമ്മദ് ഹാജിയെ ഓരോ ജൂൺ 10 ഉം കടന്ന് പോകുമ്പോൾ ആ ജ്വലിക്കുന്ന ഓർമ്മകൾ നമ്മെ നേർ വഴിയിൽ നയിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ പാരത്രിക ജീവിതം പൂർണ വിജയത്തിൽ ആക്കി തീർക്കുവാൻ നാഥനോട് പ്രാർത്ഥിക്കാം.
-ബഷീർ ചിത്താരി
0 Comments