റിയാദ്: പുതിയ ചരിത്രം പിറന്നു. അറേബ്യൻ മണ്ണിൽ വീണ്ടുമൊരു ലോക കാൽപന്ത് മാമാങ്കം. ഖത്തറിന് ശേഷം ഗൾഫ് തീരദേശത്ത് ലോകകപ്പിന് പന്തുരുളും. 2034ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയെ തെരഞ്ഞെടുത്തെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ.
ലോകകപ്പിെൻറ ആതിഥേയത്വത്തിനായുള്ള ലേല ചരിത്രത്തിലെ തന്നെ 419/500 എന്ന ഏറ്റവും ഉയർന്ന സ്കോറോടെ യോഗ്യത നേടിയ സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ശേഷിച്ചിരുന്നുള്ളൂ. ആ ഒരു പ്രഖ്യാപനത്തിനായി രാജ്യവും ജനതയും നാളുകൾ മണിക്കൂറുകളായും നിമിഷങ്ങളായും എണ്ണി കാത്തിരിക്കുകയായിരുന്നു. അത്രമേൽ ആകാംക്ഷയും ത്രസിപ്പും ഓരോ മുഖത്തും പ്രകടമായിരുന്നു.
ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഫിഫ അസാധാരണ ജനറൽ അസംബ്ലിയിൽ പ്രസിഡൻറ് ഗിയാനി ഇൻഫെൻറിനോ ഔദ്യോഗിക പ്രഖ്യാപനം നടത്തുേമ്പാൾ ആ ദൃശ്യങ്ങൾ റിയാദ് ബോളിവാഡ് സിറ്റിയിലെ പടുകൂറ്റൻ സ്ക്രീനുകളിൽ മാത്രമല്ല രാജ്യത്തെ സ്വദേശികളും വിദേശികളുമായ മൂന്നര കോടിയിലേറെ വരുന്ന ജനമനസുകളിലും മിന്നിത്തെളിഞ്ഞു.
25 ടൂർണമെൻറുകൾ തികയ്ക്കുന്ന 2034ലെ അസാധാരണ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ചരിത്രദൗത്യമാണ് സൗദി അറേബ്യക്ക് കൈവന്നത്. ലേലത്തിലും യോഗ്യത സംബന്ധിച്ച വിലയിരുത്തലിലും റെക്കോർഡ് പോയിൻറുകളോടെ മുന്നിലെത്തിയ സൗദി അറേബ്യ ഇനി ലോകത്തിെൻറ ശ്രദ്ധാകേന്ദ്രമാവും. അടുത്ത 10 വർഷം ആ ദൗത്യപൂർത്തീകരണത്തിനുള്ള നിരന്തര പ്രവർത്തനങ്ങളിൽ മുഴുകും ഗൾഫിലെ ഈ ഏറ്റവും വലിയ സമ്പന്ന രാജ്യം. സുപ്രധാന പ്രഖ്യാപനത്തിന് കാതും കണ്ണും കൂർപ്പിച്ച് തുടിക്കുന്ന ഹൃദയങ്ങളുമായി കാത്തിരുന്ന രാജ്യം പ്രഖ്യാപനമുണ്ടായ നിമിഷത്തിൽ തന്നെ ആഘോഷങ്ങളിൽ മുഴുകി.
ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ (ഡിസംബർ 11 മുതൽ 14 വരെ) രാജ്യവ്യാപകമായി നാല് ദിവസം നീളുന്ന ആഘോഷത്തിന് തുടക്കം കുറിച്ചു. റിയാദിൽ രാത്രി 8.30ന് കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ ആകാശത്ത് ഡ്രോൺ ഷോ അരങ്ങേറി. 8.34 ന് കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ്, ബോളിവാഡ്, അൽ ഫൈസലിയ ടവർ, മജ്ദൂൽ ടവർ, അൽ രാജ്ഹി ടവർ, മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട് ടവർ, ബഗ്ലഫ് കിങ് ഫഹദ് സ്റ്റേഡിയം, മൂൺ ടവർ, മഹദ് അക്കാദമി എന്നിവിടങ്ങളിൽ കരിമരുന്ന് പ്രയോഗം മാനത്ത് വർണവിസ്മയം ഒരുക്കി.
0 Comments