കാഞ്ഞങ്ങാട്: പാലിൽനിന്നും രൂക്ഷഗന്ധം ഉയർന്നുവെന്ന പരാതിയിൽ വിശദമായ പരിശോധനയ്ക്കു മിൽമ. കണ്ണൂരിലെ ലാബിൽ നടത്തിയ ഫോറിയർ ട്രാൻസ്ഫോം ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി പരിശോധനയിലും പാലിന് എന്താണു സംഭവിച്ചതെന്നു വ്യക്തത വരുത്താൻ മിൽമയ്ക്കു കഴിഞ്ഞിട്ടില്ല. രൂക്ഷഗന്ധമുണ്ടെന്നു സമ്മതിക്കുമ്പോഴും പാലിൽ ഒന്നും കലർന്നിട്ടില്ലെന്ന നിലപാടിലാണു മിൽമ. അടുത്തിരിക്കുന്ന വസ്തുക്കളുടെ ഗന്ധം ആഗിരണം ചെയ്യാനുള്ള പാലിന്റെ കഴിവായിരിക്കാം ഓയിൽ സ്വഭാവമുള്ള ഗന്ധത്തിനു പിന്നിലെന്നാണു മിൽമയുടെ പ്രാഥമിക നിഗമനമെന്ന് കാസർകോട് ഡെയറി ക്വാളിറ്റി കൺട്രോളർ വിനോജ് പറഞ്ഞു.
മാവുങ്കാലിൽ പ്രവർത്തിക്കുന്ന കാസർകോട് ഡെയറിയിൽനിന്ന് നൽകിയ ഒരു ബാച്ച് പാലിലാണു തിളപ്പിക്കുമ്പോൾ ഓയിൽ ഗന്ധം വരുന്നതായി പരാതി ഉയർന്നത്. അര ലീറ്ററിന്റെ 10,000 പായ്ക്കറ്റുകളാണു ബാച്ചിലുള്ളത്. പരാതി വ്യാപകമായതോടെ കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്ത പാൽ തിരിച്ചെടുക്കാനുള്ള നിർദേശം മിൽമ വിതരണക്കാർക്ക് നൽകിയിരുന്നു. ഇതുപ്രകാരം 5,000 പായ്ക്കറ്റുകൾ തിരിച്ചെത്തിയെന്ന് അധികൃതർ പറയുന്നു. എന്നാൽ ഇതിൽ മുൻബാച്ചുകളിലെ പാലും ഉൾപ്പെട്ടിട്ടുണ്ട്. പല കടകളിലും മിൽമയുടെ വിപണനം നിർത്തി വെച്ചിരിക്കുകയാണ്. ജനങ്ങൾ മിൽമയിൽ അർപ്പിച്ച വിശ്വാസത്തിന് മങ്ങലേൽപ്പിച്ചിരിക്കുകയാണ്.
0 Comments