നീലേശ്വരം : കേരളത്തിലെ ഏറ്റവും പൗരാണികവും പാരമ്പര്യസമ്പന്നവുമായ പൈതൃക നഗരങ്ങളിലൊന്നായ നീലേശ്വരം നഗരസഭയുടെ സമഗ്ര വികസന സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി *“വിഷൻ 2030 – നീലേശ്വരം സ്ട്രാറ്റജിക് ഡെവലപ്‌മെൻറ് സമ്മിറ്റ്”* 2026 ഏപ്രിൽ മാസത്തിൽ അബുദാബിയിലെ ഗ്രാൻഡ് അറീന യിൽ നടക്കും. ഇന്ത്യക്ക് പുറത്തു ഒരു നഗരസഭയുടെ വികസനം ചർച്ച ചെയ്യുന്ന ആദ്യ സമ്മേളനമാകും ഇത്. മന്ത്രിമാർ, എം പിമാർ, നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവർ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനത്തിൽ, പ്രത്യേക ക്ഷണം ലഭിച്ച 200 അതിഥികൾ പങ്കെടുക്കും. പരിപാടി ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച് വൈകിട്ട് 7 മണിക്ക് സമാപിക്കും. അടിസ്ഥാന സൗകര്യ വികസനം, റെയിൽവേ-റോഡ് മേഖലയിൽ നടപ്പിലാക്കേണ്ട വികസന പദ്ധതികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ പങ്കെടുക്കും. ഭാവിയിൽ നീലേശ്വരം നഗരം എങ്ങനെ രൂപപ്പെടണം, മുൻഗണനാപ്രധാന മേഖലകൾ എന്തൊക്കെയായിരിക്കണം, എങ്ങനെ സുസ്ഥിരവും സമൃദ്ധവുമായ നഗരമായി വളരണമെന്ന് മുഖ്യ ചർച്ചാവിഷയമായിരിക്കും. വികസനത്തിൽ പുതിയ സാങ്കേതിക വിദ്യകൾ, വിദ്യാഭ്യാസം, ആരോഗ്യരംഗം, ടൂറിസം മേഖല എന്നിവ ഉൾപ്പെടുത്തി നീലേശ്വരത്തിന്റെ സാംസ്കാരിക പൈതൃകവും ചരിത്ര മഹത്വവും സംരക്ഷിച്ചുകൊണ്ട് , ആധുനിക സൗകര്യങ്ങളാൽ സമ്പന്നമായ മാതൃക നഗരസഭയായി മാറിക്കൊണ്ടുവരുകയാണ് വിഷൻ 2030 ദർശനം. സമ്മിറ്റിന്റെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും. യു എ ഇ യിൽ ജോലി ചെയ്യുന്ന നീലേശ്വരം സ്വദേശികളായ വ്യവസായ പ്രമുഖരുടെ പിന്തുണയോടെ അബൂദബി ആസ്ഥാനമായുള്ള awe മീഡിയ ഏജൻസിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

0 Comments