പേരാമ്പ്രയിൽ സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റത് പൊലീസ് മർദനത്തിൽ തന്നെയെന്നു സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ലാത്തിച്ചാർജിന്റെ മൊബൈലിൽ പകർത്തിയ ചില ദൃശ്യങ്ങളിലാണ് ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് തല്ലുന്നത് വ്യക്തമായത്. ഷാഫിയെ പൊലീസ് തല്ലിയതല്ലെന്നും ഇതെല്ലാം ‘ഷോ’ മാത്രമാണെന്നും ചില ഇടതു നേതാക്കൾ വെളളിയാഴ്ച പ്രതികരിച്ചിരുന്നു. ഇടതുസമൂഹമാധ്യമ ഹാൻഡിലുകളിലും ഷാഫി നടത്തുന്നത് ‘നാടക’മാണെന്നും മറ്റുമുളള ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ അവ ശരിയല്ലെന്നു വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പ്രതിഷേധക്കാർക്കു മുന്നിൽ പൊലീസ് വലയം തീർക്കുന്നതിനിടെ പിന്നില്‍ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പൊലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റിരുന്നു. ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നുമാണ് പൊലീസിന്റെ വാദം. അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പൊലീസ് വെള്ളിയാഴ്ച പറഞ്ഞത്. പ്രതിഷേധം നടത്തിയ ഷാഫി ഉൾപ്പെടെ 700 പേർക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തിട്ടുണ്ട്.
ഷാഫി പറമ്പിലിനെതിരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ ശനിയാഴ്ച രാവിലെ കോഴിക്കോട് നടക്കാവിലുള്ള ഐജി ഓഫിസിനു മുന്നിൽ ധർണ നടത്തി. എം.കെ.രാഘവൻ എംപി, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ധർണയ്ക്കു പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ഐജി ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. ശനിയാഴ്ച വൈകിട്ട് പേരാമ്പ്രയിൽ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ യുഡിഎഫിന്റെ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യും.
0 Comments